വിദ്യാർഥികള്‍ക്ക് കൺസഷൻ അനുവദിക്കാത്ത സ്വകാര്യ ബസുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്. ഫീസ് അടക്കാത്ത വിദ്യാർത്ഥിയെ സ്കൂൾ ബസിൽ നിന്ന് ഇറക്കി വിട്ടത് പോലുള്ള സംഭവങ്ങൾ പ്രോത്സാഹിപ്പിക്കാൻ ആകില്ലെന്നും മന്ത്രി. മുടി വെട്ടാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ പുറത്താക്കിയ സ്കൂൾ മാനേജ്മെന്റിനും മന്ത്രിയുടെ രൂക്ഷ വിമർശനം.
പയ്യന്നൂരിൽ ഫീസ് അടക്കാത്ത വിദ്യാർത്ഥിയെ സ്കൂൾ ബസ്സിൽ നിന്ന് ഇറക്കിവിട്ട നടപടി മനോരമ ന്യൂസ് ആണ് പുറത്തുവിട്ടത്. ഇതുൾപ്പെടെയുള്ള കാര്യങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
കൊല്ലം കൊട്ടിയത്ത് മുടി വെട്ടാത്തതിന്റെ പേരിൽ 14 വിദ്യാർത്ഥികളെ പുറത്താക്കിയ നടപടി പ്രാകൃതവും കേരള സംസ്കാരത്തിന് ചേരാത്തതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം അന്വേഷിച്ച് റിപോർട്ട് നൽകാൻ കൊല്ലം ആർഡിഡിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. പ്രവർത്തന സമയം കൂട്ടിയുള്ള പുതിയ സ്കൂൾ അക്കാദമിക് കലണ്ടറിൽ മാറ്റമുണ്ടാകില്ല. ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തതകൾ ഈയാഴ്ച തന്നെ പരിഹരിക്കുമെന്നും മന്ത്രി.
സംഭരണ സീറ്റുകളിൽ പ്ലസ് വൺ അലോട്ട്മെന്‍റ് നേടിയ വിദ്യാർത്ഥികൾ ജാതി തെളിയിക്കുന്നതിനുള്ള രേഖയായി എസ്എസ്എൽസി സർട്ടിഫിക്കറ്റ് ആണ് സമർപ്പിക്കേണ്ടത്. സേ പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ അപ്‌ലോഡ് ചെയ്യാൻ സമയമെടുക്കും. ഇവർക്ക് വിടുതൽ സർട്ടിഫിക്കറ്റ് പകരം സമർപ്പിക്കാം. ഇത് സംബന്ധിച്ച് സർക്കുലർ ഇന്ന് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.