ഇടുക്കി ഇരുട്ടുകാനാത്ത് ജില്ലാ കലക്ടറുടെ നിരോധനം ലംഘിച്ച് സിപ് ലൈൻ പ്രവർത്തിപ്പിച്ചവർക്കെതിരെ കേസെടുത്തു പൊലീസ്. ഹൈറേഞ്ച് സിപ് ലൈൻ പ്രോജക്റ്റിനെതിരെയാണ് കേസെടുത്തത്. എം മണി എം എൽ എയുടെ സഹോദരൻ എം എം ലംബോദരൻ ഉൾപ്പെടെ യുള്ളവരാണ് സിപ് ലൈന്റെ നടത്തിപ്പുകാർ. ജില്ലാ കലക്ടർ നിയമപരമായി ഉത്തരവിട്ട കാര്യം ലംഘിച്ചതിനും, ഉത്തരവ് ലംഘിക്കാൻ പ്രേരിപ്പിച്ചതിനുമാണ് കേസ്. മനുഷ്യജീവന് അപായം ഉണ്ടാക്കുന്ന പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ആനവിരട്ടി വില്ലേജ് ഓഫീസർ നൽകിയ പരാതിയിലാണ് അടിമാലി പൊലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയ്തത്. 

സർക്കാർ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയായിരുന്നു എംഎൽഎ എം.എം. മണിയുടെ സഹോദരൻ ലംബോദരൻ ഉള്‍പ്പെടെയുള്ളവര്‍ ഇടുക്കിയിൽ സാഹസിക വിനോദ കേന്ദ്രം പ്രവര്‍ത്തിപ്പിച്ചത്.  മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ സാഹസിക വിനോദങ്ങൾ പാടില്ലെന്ന കർശന നിർദേശം മറികടന്നാണ് ഇരുട്ടുകാനത്ത് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ചത്. ആയിരത്തോളം സഞ്ചാരികളാണ് രണ്ടുദിവസമായി അപകടം മനസ്സിലാക്കാതെ ഇവിടെക്കൊഴുകിയത്. 

ഇത് മനോരമ ന്യൂസ് വാർത്തയാക്കിയതോടെ മേഖലയിൽ അപകട സാധ്യതയില്ലെന്നായിരുന്നു ലംബോദരന്റെ പ്രതികരണം.  മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെ വിഷയം അടിയന്തരമായി അന്വേഷിക്കാൻ കലക്ടർ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ‌‌ദേശീയപാതയ്ക്ക് സമീപമാണ് ഈ സാഹസിക വിനോദ സഞ്ചാര കേന്ദ്രം പ്രവർത്തിക്കുന്നത്. 

ENGLISH SUMMARY:

A case has been registered by the police against the operation of a zip line in Aanaviratti, Idukki. The Adimali police have filed the case against several individuals, including M.M. Lambodaran, the brother of MLA M.M. Mani.