കുടിശികയില്‍ കൃഷി വകുപ്പിനുനേരെ നിലപാട് കടുപ്പിച്ച് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. 300 കോടിക്കു മുകളിലാണ് കൃഷിവകുപ്പിന്റെ കുടിശിക. കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നു കുടിശിക പിരിച്ചെടുക്കല്‍ തുടരുകയാണെന്നും മന്ത്രി പാലക്കാട് പറഞ്ഞു. ഷൊര്‍ണൂരില്‍ സൗജന്യ വൈദ്യുതി കണക്ഷനെടുത്ത കര്‍ഷകര്‍ക്ക് കെഎസ്ഇബി നോട്ടിസ് നല്‍കിയതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം
സൗജന്യ വൈദ്യുതി കണക്ഷനെടുത്ത പാലക്കാട്ടെ 413 കര്‍ഷകര്‍ക്ക് പണം തിരിച്ചടക്കണമെന്ന് അറിയിച്ച് കെഎസ്ഇബി നോട്ടിസ് നല്കിയ വിവരം മനോരമന്യൂസാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കൃഷിവകുപ്പിനെ വിശ്വസിച്ചു വെട്ടിലായ കര്‍ഷകരുടെ ദുരിതവും വിശദീകരിച്ചു. വിഷയത്തില്‍ പ്രതികരിച്ച മന്ത്രി കെ.കൃഷ്ണന്‍കുട്ടി ആ തുക കര്‍ഷകരില്‍ നിന്ന് ഈടാക്കില്ലെന്നും കൃഷി വകുപ്പില്‍ നിന്നും ഈടാക്കുമെന്നും പറഞ്ഞു വെച്ചു. വാര്‍ത്തയില്‍ മന്ത്രി ഇടപെട്ടതോടെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസം.
മേഖലയില്‍ നിന്നു മാത്രം കെഎസ്ഇബിക്കു കിട്ടാനുള്ളത് 13 കോടി രൂപ. കൃഷിവകുപ്പ് മൊത്തത്തില്‍ നല്‍കാനുള്ളത് 300 കോടിക്കുമുകളില്‍. പലതവണ നോട്ടിസ് അയച്ചിട്ടും മറുപടി കിട്ടാത്തതോടെയാണ് ഷൊര്‍ണൂരില്‍ അത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നും മന്ത്രി പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പൊതുമേഖല സ്ഥാപനങ്ങള്‍ കുടിശിക നല്‍കാത്തതില്‍ കെഎസ്ഇബിക്കും മന്ത്രിക്കും കടുത്ത അമര്‍ഷമുണ്ട്. ഈ കണക്കില്‍ മാത്രം 1200 കോടിക്കു മുകളില്‍ ബോര്‍ഡിലേക്ക് കിട്ടാനുണ്ട്. പൊതുമേഖല സ്ഥാപനങ്ങളില്‍ ന്നിനു കുടിശിക പിരിച്ചെടുത്തു തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. ഷൊര്‍ണൂരിലെ പ്രശ്നം താല്കാലികമായി പരിഹരിച്ചെങ്കിലും കൂടുതല്‍ ഇടങ്ങളില്‍ സമാനനടപടി ഉണ്ടാകുമെന്നുറപ്പാണ്.