സംസ്ഥാനത്ത് വീണ്ടും കോവിഡ് പരിശോധന കാലം. കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് ആന്റിജൻ പരിശോധനയും നെഗറ്റീവ് ആണെങ്കിൽ RT - PCR പരിശോധനയും നടത്തണമെന്ന് ആരോഗ്യവകുപ്പ് മാർഗ്ഗനിർദേശം പുറത്തിറക്കി. കേരളത്തിൽ 1416 പേർ കോവിഡ് ചികിൽസയിലുണ്ട്. 9 മരണവും സ്ഥിരീകരിച്ചു.
കോവിഡ് ബാധിതരുടെ എണ്ണമുയരുന്നതിനിടെ വീണ്ടും കോവിഡ് ജാഗ്രതയിലേയ്ക്ക് കടക്കുകയാണ് സംസ്ഥാനം. കോവിഡ് , ഇൻഫ്ളുവൻസ ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്നവർക്ക് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കി.നെഗറ്റീവ് ആണെങ്കിൽ RT -PCR പരിശോധന നടത്തണം. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാക്കി.
കോവിഡ്, ഇൻഫ്ളുവൻസ രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡിൽ പാർപ്പിക്കണം. ആശുപത്രികളിൽ എല്ലാവർക്കും മാസ്ക് നിർബന്ധമാക്കണമെന്നും സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കണമെന്നും മാർഗ നിർദേശത്തിലുണ്ട്. 14 16 പേർ ചികിത്സയിൽ കഴിയുന്ന കേരളത്തിലാണ് രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത്. 9 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മരണങ്ങളേറെയും പ്രായമായവരിൽ ആയതിനാൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ശ്രദ്ധ നല്കണം.
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി പടരുന്ന ഒമിക്രോൺ ജെഎൻ വൺ വകഭേദമായ എൽ എഫ് 7 ആണ് കേരളത്തിലും പടരുന്നത്. സാംപിളുകൾ ജനിതക ശ്രേണീകരണം നടത്താനും ആരോഗ്യവകുപ്പ് നിർദേശം നല്കി. കോവിഡ് രൂക്ഷമായ കാലത്ത് ചെയ്തിരുന്നതുപോലെ പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും അഭികാമ്യമെന്നും നിർദ്ദേശമുണ്ട്.