Image Credit: facebook.com/PAMuhammadRiyas
കോഴിക്കോട് ജില്ലയില്‍ സർക്കാർ ഓണാഘോഷ പരിപാടിക്ക് റാപ്പർ വേടനെത്തുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അറിയിപ്പ്. 'കോഴിക്കോടിന്‍റെ ഓണാഘോഷം ഇത്തവണ പൊളിക്കും' എന്ന കുറിപ്പോടെയാണ് മന്ത്രി പോസ്റ്റ്. വേടനൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന ഫോട്ടോയും അതിലുണ്ട്. കേരള ടൂറിസവും കേരള ആർട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജും ഓഗസ്റ്റ് 31 മുതൽ സെപ്തംബർ 7 വരെ സംഘടിപ്പിക്കുന്ന കോഴിക്കോട് ഓണാഘോഷ പരിപാടിയുടെ പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്. ഒപ്പം മറ്റൊരു പോസ്റ്റില്‍ വേടന്‍ പാടുന്ന റീലും മന്ത്രി പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ നിറയുകയാണ്. 'ഇപ്പോൾ വേടനെ കൂട്ടിയാലേ ആള് കൂടൂ എന്നായി അവസ്ഥ' എന്നാണ് ഒരാളുടെ കമന്റ്. 'ആഘോഷങ്ങൾക്കായി പൊടിക്കാൻ സർക്കാരിന്റെ കയ്യിൽ പൈസക്ക് യാതൊരു കുഴപ്പവുമില്ല, എന്നാൽ ജനങ്ങൾക്ക് ആവശ്യമുള്ള ഒരു കാര്യത്തിനും പണമില്ല' - സര്‍ക്കാരിനെ വിമര്‍ശിച്ച് മറ്റൊരാള്‍ കുറിച്ചു. വേടനോടുള്ള സ്നേഹം പ്രകടിപ്പിച്ച് ആരാധകരും പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്. ഹൃദയത്തിന്‍റെ സ്മൈലി പോസ്റ്റ് ചെയ്ത് അവർ പറയുന്നത് ഇങ്ങനെ- ‘നമുക്ക് തകര്‍ക്കണം, പൊളിക്കണം.'
നേരത്തെ പാലക്കാട് പട്ടികജാതി-പട്ടിക വർഗ വകുപ്പിന്റെ സംസ്ഥാന സംഗമത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലും ഇടുക്കിയില്‍ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള 'എന്റെ കേരളം' പ്രദർശന വിപണന മേളയിലും വേടന്‍ പാടാന്‍ എത്തിയിരുന്നു. വേടന്‍ കഞ്ചാവ് കേസിൽ പിടിയിലായതോടെ ആദ്യം ഇടുക്കിയിലെ പരിപാടി റദ്ദാക്കിയിരുന്നെങ്കിലും സിപിഎമ്മും സിപിഐയും പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വേടനെ വീണ്ടും ക്ഷണിക്കുകയായിരുന്നു.