രാഹുൽ മാങ്കൂട്ടത്തില്‍- പി.വി.അൻവര്‍ പാതിര കൂടിക്കാഴ്ച്ച നിലമ്പൂരിൽ മൂർച്ചയുള്ള പ്രചാരണ ആയുധമാക്കി ഇടതുമുന്നണി. കൂടിക്കാഴ്ചയെ ഡിവൈഎഫ്ഐ പരിഹസിച്ചപ്പോൾ അൻവറിനെ കാണാൻ യുഡിഎഫ് നേതാക്കൾ ക്യൂ നിൽക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പറഞ്ഞു. രാഹുലിനെ യുഡിഎഫ് നേതൃത്വം തള്ളിയെങ്കിലും കൂടിക്കാഴ്ച നേതൃത്വത്തിന്റെ അറിവോടെ തന്നെയാണെന്ന പ്രചാരണമാണ് എല്‍ഡിഎഫ് തൊടുത്തു വിടുന്നത്.
ഒന്നിനു പിറകെ ഒന്നായി വിവാദങ്ങൾ യുഡിഎഫ് തന്നെ സൃഷ്ടിച്ചു വിടുമ്പോൾ അത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് നിലമ്പൂരിൽ ഇടത് മുന്നണി. അൻവറിനെ അനുനയിപ്പിക്കാൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ അൻവറിന്‍റെ വീട്ടിൽ അർധരാത്രി നടത്തിയ സന്ദർശനത്തെ പരിഹസിച്ച് എല്‍ഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ രംഗത്തെത്തി.
പരാജയ ഭീതിയിൽ വെപ്രാളത്തിലായതിനാൽ, കാലു പിടിക്കാനാണ് രാഹുൽ അൻവറിനെ കണ്ടതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. പാതിരാത്രിയിൽ രാഹുൽ വേഷംമാറിപ്പോയത് വി.ഡി. സതിശന്‍റെ ഏജന്‍റായാണെന്നും മാപ്പ് അറിയിക്കാനാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി. വസീഫ്.
എതിർപ്പാളയത്തിൽ നിന്നുയരുന്ന പിഴവുകളെല്ലാം തങ്ങൾക്കനുകൂലമാക്കിയെടുക്കുകയാണ് നിലമ്പൂരിൽ സിപിഎം. അൻവർ ഫാക്ടർ പൂർണമായവഗണിച്ച് ചലനാത്മകമായ സംഘടനാ സംവിധാനത്തിൽ ശ്രദ്ധിച്ച് പ്രവർത്തനങ്ങളിൽ നിറയുന്ന ഇടതിന്‍റെ ലക്ഷ്യം സീറ്റ് നിലനിർത്തുക എന്നത് തന്നെ.