കാസർകോട് കഴിഞ്ഞദിവസം മിന്നൽ പ്രളയം ഉണ്ടായ മഞ്ചേശ്വരം മഴ കനത്താൽ വീണ്ടും വെള്ളക്കെട്ടിലാകും. ദേശീയപാത ഓവുചാല്‍ നിർമ്മാണത്തിലെ അപാകതയാണ് പ്രധാന കാരണം . മേഖലയിലെ മുഴുവൻ വെള്ളവും തുറന്നു വിടുന്ന തോടിന് വെള്ളമെടുക്കാനുള്ള ശേഷിയില്ല. അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ നാട് ഓരോ മഴയത്തും വെള്ളത്തിൽ മുങ്ങും.
മുമ്പൊരിക്കലും വെള്ളം കയറാത്ത കരോട മേഖലയിൽ കഴിഞ്ഞദിവസം പുലർച്ചെ മൂന്നു മണിക്കാണ് വെള്ളം ഇരച്ചെത്തിയത്. അൻപതോളം കുടുംബങ്ങളിലെ മനുഷ്യർ ഭയന്ന് വിറച്ച് കയ്യിൽ കിട്ടിയതുമായി ഇറങ്ങിയോടി. വാഹനങ്ങളും, വീട്ടുപകരണങ്ങളും, രേഖകളും നശിച്ചു. ജീവിതം വഴിമുട്ടി.
ഇവർക്കീ ദുരിതം സമ്മാനിച്ചത് ദേശീയപാത നിർമ്മാണ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റിയാണ്. ദേശീയപാതയിലെ മുഴുവൻ ജലവും ഒഴുകി വീഴുന്നത് സർവീസ് റോഡിലേക്ക്. അവിടെനിന്നും ഡ്രൈനേജിലൂടെ സമീപത്തെ ചെറുതോട്ടിലേക്ക്. മേഖലയിലെ മുഴുവൻ ജലവും കേന്ദ്രീകരിക്കുന്നത് ഈ ഒരൊറ്റ പോയിന്റിൽ. മഴക്കാലമായാൽ നിറഞ്ഞൊഴുകുന്ന തോടിന് ഈ ജലം എടുക്കാൻ ശേഷിയില്ല. അങ്ങനെയാണ് കഴിഞ്ഞദിവസം മിന്നൽ പ്രളയം ഉണ്ടായത്. മേഖലയിലെ ജലത്തെ വികേന്ദ്രീകരിച്ച് ഒഴുക്കാൻ നടപടി സ്വീകരിക്കാതെ ഇവിടുത്തെ കാരുടെ ദുരിതം അവസാനിക്കില്ല.