vizhinjam-fishermen-family
  • 'കടല്‍ പ്രക്ഷുബ്ധം,ചെറുവള്ളങ്ങളില്‍ തിരച്ചില്‍ സാധ്യമല്ല'
  • 'കടലില്‍ കിടക്കുന്നവരെ സര്‍ക്കാര്‍ കാണണം'
  • തിരികെ എത്താത്തത് എട്ടുപേര്‍

വിഴിഞ്ഞത്ത് നിന്നും കടലില്‍ പോയി കാണാതെയായ മല്‍സ്യത്തൊഴിലാളികളെ തിരയുന്നതിന് ഹെലികോപ്ടര്‍ വേണമെന്ന് ബന്ധുക്കള്‍. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ചെറുവള്ളങ്ങളില്‍ തിരച്ചില്‍ സാധ്യമല്ലെന്നും കാണാതായ റോബിന്‍സണിന്‍റെ മകന്‍ മനോരമന്യൂസിനോട് പറഞ്ഞു. മൂന്നു ദിവസമായി കടലില്‍ കിടക്കുന്നവരെ സര്‍ക്കാര്‍ കാണണമെന്ന് അപകടത്തില്‍പ്പെട്ട ദാസന്‍റെ ഭാര്യയും പറയുന്നു. രണ്ടു വള്ളങ്ങളിലായി കടലിലേക്ക് പോയ എട്ടുപേരാണ് തിരികെ എത്താത്തത്. 

അതിനിടെ, സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 29 ആയി. ഹരിപ്പാട് മീന്‍ പിടിക്കാന്‍ പോയ പിലാപ്പുഴ ചക്കാട്ട് കിഴക്കതില്‍ രാജേഷ് പിള്ളയുടെ മകന്‍ സ്റ്റീവ് (23) ആണ് മരിച്ചത്. സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. കോട്ടയം, കൊല്ലം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്ത് വൈക്കം മേഖലയില്‍ മൂവാറ്റുപുഴയാര്‍ കരകവിഞ്ഞു. കോഴിക്കോട് ജില്ലയിലും ചാലിയാറും ഇരുവഞ്ഞിയും കരകവിഞ്ഞൊഴുകുകയാണ്. 

ട്രെയിനുകളും വൈകിയോടുന്നു. തിരുവനന്തപുരം–മംഗളൂരു ഏറനാട് എക്സ്പ്രസ് രണ്ട് മണിക്കൂര്‍ ,തിരുവനന്തപുരം–മുംബൈ CST എക്സ്പ്രസ് ഒന്നര മണിക്കൂര്‍, മംഗളൂരു–തിരുവനന്തപുരം വന്ദേഭാരത് ഒരു മണിക്കൂര്‍ 36 മിനിറ്റ്, കൊല്ലം–എറണാകുളം മെമു ഒരു മണിക്കൂര്‍ ,ഗോരഖ്പൂര്‍–തിരുവനന്തപുരം രപ്തിസാഗര്‍ അഞ്ച് മണിക്കൂര്‍, െബംഗളൂരു–തിരുവനന്തപുരം സ്പെഷല്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍, െബംഗളൂരു–കന്യാകുമാരി എക്സ്പ്രസ് 40 മിനിറ്റ് എന്നിങ്ങനെയാണ്  വൈകിയോടിക്കൊണ്ടിരിക്കുന്നത്.

ENGLISH SUMMARY:

Families of the missing fishermen from Vizhinjam have demanded the deployment of a helicopter for search operations, citing rough sea conditions that make it unsafe for small boats to continue the search. Eight workers who went fishing in two boats have been missing for three days. The son of missing boat owner Robinson and the wife of another fisherman, Dasan, urged the government to intensify efforts and ensure no lives are lost at sea.