മലയാള സിനിമയിലെ രണ്ട് നടിമാരോട് തന്റെ മുൻ മാനേജരെന്ന് പറയുന്ന വിപിൻ കുമാർ മോശമായി പെരുമാറിയെന്ന് നടൻ ഉണ്ണി മുകുന്ദൻ. വിപിൻ കുമാറുമായുള്ളത് അടിക്കേസല്ലെന്നും നടിമാർ ഉന്നയിച്ച പരാതി വൈകാരികമായി ചോദിക്കുക മാത്രമാണുണ്ടായതെന്നും ഉണ്ണിമുകുന്ദൻ കൊച്ചിയിൽ പറഞ്ഞു. മാനേജരെ തല്ലിയെന്ന് ആരോപിച്ചുള്ള കേസിൽ കോടതി മുൻകൂർ ജാമ്യം തീർപ്പാക്കിയതിന് പിന്നാലെയാണ് ഉണ്ണിമുകുന്ദൻ മാധ്യമങ്ങളെ കണ്ടത്.
കോടതി മുൻകൂർ ജാമ്യം തീർപാക്കിയതിന് പിന്നാലെ വലിയ ആത്മവിശ്വാസത്തോടെയാണ് ഉണ്ണി മുകുന്ദൻ മാധ്യമങ്ങളെ കണ്ടത്. മോശപ്പെട്ട കാര്യങ്ങൾ വിപിന്റെ ഭാഗത്ത് നിന്നുണ്ടായി. രണ്ട് നടിമാർ വിപിനെതിരെ മോശം പെരുമാറ്റത്തിന് സിനിമാസംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്. ഇത് താൻ ചോദ്യം ചെയ്തത് വൈകാരികമായിട്ടായിരുന്നു.
തനിക്കെതിരായ വിപിന്റെ നീക്കങ്ങൾക്ക് പിന്നിൽ ആളുണ്ടാകാം. പലരെയും സംശയമുണ്ട്. പേരുകൾ പറയാൻ താൽപര്യമില്ല. ടൊവീനോയെ കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ല. വിപിനെ അടിച്ചതിൽ തെളിവ് കിട്ടിയാൽ സിനിമ അഭിനയം നിർത്താമെന്നും നടന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞു
സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഉണ്ണിക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയത്.