സംസ്ഥാനത്ത് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്ന ജോലികളില്‍ വിരമിച്ച ജീവനക്കാരും പങ്കാളികളാകണമെന്ന് ഇടതുപക്ഷ യൂണിയന്‍. നിലവിലെ ജീവനക്കാര്‍ക്ക് താങ്ങാവുന്നതിലധിമാണ് തകരാറുകളെന്നും ശാരീരിക ക്ഷമതയുള്ള വിരമിച്ച ജീവനക്കര്‍ രംഗത്തിറങ്ങണമെന്നും കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷനാണ് ആവശ്യപ്പെട്ടത് . സര്‍ക്കാരിനെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ കൂടിയാണ് ഇടതുയൂണിയന്‍റെ ഇടപെടല്‍.
ശക്തമായ മഴപ്പെയ്തിലും കാറ്റിലും ഗ്രാമ നഗരഭേദമില്ലാതെ വലിയതോതിലുള്ള നാശമാണ് വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായത് . ഇതുവരെ 121 കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. 2200 ലേറെ ഹൈ ടെൻഷൻ ലൈനുകളും അരലക്ഷത്തിനടുത്ത് ലോടെൻഷൻ ലൈനുകളും പൊട്ടി വീണു. രണ്ടേമുക്കാല്‍ ലക്ഷത്തിലേറെ ഉപയോക്താക്കള്‍ക്ക് വൈദ്യുതി ഇല്ല. വൈദ്യുതി ജീവനക്കാര്‍ക്ക് മാത്രം പരിഹരിക്കാന്‍ കഴിയുന്നതിലേറെയാണ് തകരാറുകള്‍.
പലയിടത്തും വൈദ്യുതി ഓഫിസുകളിലും ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടിവന്നു. ഈ പശ്ചാത്തലത്തിലാണ് വിരമിച്ച ജീവനക്കാരും രംഗത്തിറങ്ങാന്‍ കെ.എസ്.ബി. വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതാവ് എസ്. ഹരിലാല്‍ നിര്‍ദേശം നല്‍കി. ഫീല്‍ഡില്‍ ജോലിചെയ്യുന്ന വര്‍ക്കര്‍മാരുടെയും ലൈന്‍മാന്‍മാരുടെയും 5500 ലേറെ ഒഴിവുകള്‍ നികത്തിയിട്ടില്ല. ഇതും വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്ന പ്രവൃത്തികളെ ബാധിച്ചു. സര്‍ക്കാരിനെതിരായ പ്രതിഷേധം കുറയ്ക്കാന്‍ കൂടിയാണ് ഇടതുപക്ഷ യൂണിയന്‍റെ ഇടപെടല്‍.