kooriyad

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയപാത അതോറിറ്റിയുടെ പ്രോജക്ട് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്തു. സൈറ്റ് എന്‍ജിനീയറെ പിരിച്ചുവിട്ടു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് നടപടിയെടുത്തത്.

കരാറുകാര്‍ക്ക് മാത്രമല്ല, ദേശീയപാത നിര്‍മാണ സമയത്ത് കൃത്യമായ പരിശോധന നടത്തുന്നതില്‍ ഉള്‍പ്പെടെ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച പറ്റിയെന്ന് ബോധ്യമായതോടെയാണ് മന്ത്രാലയം കര്‍ശന നടപടിയെടുത്തത്. ഭാരം താങ്ങാന്‍ അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് ദേശീയപാത തകരാന്‍ കാരണം. നിര്‍മാണത്തിലെ അശാസ്ത്രീയത, മേല്‍നോട്ടക്കുറവ്, കരാര്‍ കമ്പനിക്കുണ്ടായ വീഴ്ച ഇവ കണക്കിലെടുത്ത് NHAI പ്രോജക്ട് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്തു. 

സൈറ്റ് എന്‍ജിനീയറെ പിരിച്ചുവിട്ടു. കരാറുകാരന്‍ റോഡിന്‍റെ വയഡറ്റ് സ്വന്തം ചെലവില്‍ നിര്‍മിക്കണം. നാലംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് NHAI ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തത്. ദേശീയപാത 66ലെ 17 ഇടങ്ങളിലെ മതിൽപോലെ അരികുകെട്ടുന്ന എംബാങ്ക്മെന്‍റ് നിര്‍മാണം വിദഗ്ധ സമിതി പഠിക്കും. ദേശീയപാതനിര്‍മാണം പോലെയുള്ള അഭിമാന പദ്ധതികളില്‍ വീഴ്ച സംഭവിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന സന്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.

ENGLISH SUMMARY:

Action taken in the collapse of the kooriyad National Highway; Project Director suspended