കൊല്ലം ശക്തികുളങ്ങര തീരത്ത് അടിഞ്ഞ കണ്ടെയ്നർ മുറിച്ചു മാറ്റുന്നതിനിടെ തീപിടിത്തം. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണച്ചു. കണ്ടെയ്നർ നീക്കുന്ന ജോലി നാളെയും തുടരും.
കരയ്ക്ക് കയറ്റിയ കണ്ടെയ്നറുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിനിടെയാണ് അപകടം. ഗ്യാസ് കട്ടറിൽ നിന്നും കണ്ടെയ്നറിനു അകത്തെ തെർമോക്കോൾ കവചത്തിൽ തീ പിടിക്കുകയായിരുന്നു.കടൽ കാറ്റ് അടിച്ചതോടെ വേഗത്തിൽ തീ പടർന്നു. ഫയർ ഫോഴ്സ് സംഘം പണിപ്പെട്ടാണ് തീ അണച്ചത്. തീയും പുകയും ഉണർന്നത് തീരദേശത്ത് ആശങ്കയുണ്ടാക്കി. തീയും പുകയും കെടുത്തിയശേഷമാണ് കണ്ടെയ്നർ മാറ്റുന്ന ജോലി പുനരാരംഭിച്ചത്.
കരയിലേക്ക് വലിയ ക്രൈൻ ഉപയോഗിച്ച് വലിച്ചു കയറ്റിയ ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു കഷ്ണങ്ങൾ ആക്കി വലിയ ലോറിയിൽ കൊല്ലം പോർട്ടിലെത്തിക്കുന്നു. കണ്ടെയ്നർ മാറ്റുന്ന ജോലി നാളെയും തുടരും.എന്നാൽ ക്രൈൻ കടന്നു ചെല്ലാത്ത മറ്റു തീരത്തടിഞ്ഞ കണ്ടെയ്നറുകൾ എങ്ങനെ മാറ്റുമെന്നതിൽ ഇതുവരെയും തീരുമാനമായില്ല. പൂർണമായും നീക്കം ചെയ്യാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നർത്ഥം.