സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. നാളെയും മറ്റന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും സംസ്ഥാനത്ത് മഴക്കെടുതികള്‍ തുടരുകയാണ്. ഇടവപ്പാതിയില്‍ സാധാരണയിലും കൂടുതല്‍ മഴ ലഭിക്കുമെന്ന് ഭൗമമന്ത്രാലയം അറിയിച്ചു.
പാലക്കാട് അട്ടപ്പാടിയില്‍ പലയിടത്തും മരങ്ങള്‍ വീണ് ഗതാഗതം സ്തംഭിക്കുകയും നാശ നഷ്ടമുണ്ടാവുകയും ചെയ്തു. മണ്ണാർക്കാട് കുരുത്തിച്ചാലിൽ അകപ്പെട്ട കയിലിയാട് സ്വദേശി മുബീനിന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലത്ത് ശക്തമായ മഴയിൽ വീടിൻറെ ചുമർ ഇടിഞ്ഞുവീണ് ഓട്ടോറിക്ഷ തകർന്നു. വയനാട് മാനന്തവാടി താലൂക്കിൽ ഒരു വീട് പൂർണമായും 13 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിൽ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 700 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മഴ തുടരുന്നുണ്ടെങ്കിലും അപകടങ്ങൾ റിപ്പോര്ട്ട് ചെയ്തിട്ടില്ല. മലപ്പുറത്ത് പലയിടത്തും കനത്ത മഴ തുടരുകയാണ്. എറണാകുളം ജില്ലയിൽ പലയിടങ്ങളിലും രാവിലെ ചാറ്റൽ മഴ ലഭിച്ചു. കൊച്ചി കാക്കനാട്ട് ശക്തമായ കാറ്റിൽ മദ്രസയുടെ സീലിങ് ഇടിഞ്ഞുവീണു. ആര്‍ക്കും പരുക്കില്ല. ആലപ്പുഴ ജില്ലയിൽ 380 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണ്ണമായും തകർന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 11 ഇടത്ത് മരം വീണു. കുട്ടനാട്ടിൽ കിഴക്കൻ വെള്ളത്തിൻ്റെ വരവ് ശക്തമായതോടെ ആറുകളിലും തോടുകളിലും ജലനിരപ്പ് ഒന്നര അടിയോളം ഉയർന്നു. തൃശൂരിലും ഇടുക്കിയിലും ചാറ്റൽമഴ തുടരുന്നു. തെക്കന്‍ കേരളത്തില്‍ ഇന്നലെ വൈകുന്നേരത്തിന് ശേഷം എവിടെയും ശക്തമായ മഴ പെയ്തില്ല. തിരുവനന്തപുരത്തെ വാമനപുരം, പത്തനംതിട്ടയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പുണ്ട്. വരും മണിക്കൂറുകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ആരും നദികളില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്