നടന്‍ ദിലീപിന്‍റെ സിനിമയെ പ്രശംസിച്ചതില്‍ വിശദീകരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. സിനിമയെക്കുറിച്ചും സംവിധായകനെക്കുറിച്ചുമാണ് പറഞ്ഞതെന്നും ആരോപണ വിധേയനായ നടനെ ന്യായീകരിച്ചിട്ടില്ലെന്നും എം.എ.ബേബി ഫെയ്സ്ബുക്ക് പോസ്റ്റിട്ടു.
കഴിഞ്ഞദിവസമാണ് ഡല്‍ഹിയിലെ തിയറ്ററില്‍ ഡല്‍ഹി മലയാളികള്‍ക്കൊപ്പം സിപിഎം ജനറല്‍ സെക്രട്ടറി ദിലീപിന്‍റെ 'പ്രിൻസ് ആൻഡ് ഫാമിലി' എന്ന സിനിമ കാണാന്‍ പോയത്. സിനിമ കാണുക മാത്രമല്ല, ദിലീപ് ചിത്രത്തെക്കുറിച്ച് രണ്ട് നല്ല വാക്കും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.
ദിലിപീനെ പുകഴ്ത്തിയെന്ന തരത്തില്‍ വ്യാഖ്യാനങ്ങളുണ്ടായതോടെയാണ് വിശദീകരണവുമായി എം.എ.ബേബി രംഗത്തെത്തിയത്. പാർട്ടിയേയും തന്നെയും സ്നേഹിക്കുന്നവരെ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതിൽ വിഷമമുണ്ടെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. സിനിമയെക്കുറിച്ചും സംവിധായകനെക്കുറിച്ചുമാണ് പറഞ്ഞത്. നല്ല സന്ദേശമുള്ള സിനിമയാണെന്ന് തോന്നി. അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഇല്ല. ആരോപണവിധേയനായ നടനെ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും ബേബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കേരളത്തിൽനിന്നുള്ള യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യർഥന കൊണ്ടാണ് സിനിമ കാണാൻ നിർബന്ധിതനായതെന്നും എം.എ.ബേബി പറയുന്നു.