നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചതില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് തുടക്കം മുതലേ പലരും സംശയിച്ചിരുന്നെങ്കിലും ഇക്കാര്യം ആദ്യം ലോകത്തോട് വിളിച്ചു പറഞ്ഞത് അതിജീവിതയുടെ അടുത്ത സുഹൃത്തായ നടി മഞ്ജു വാര്യരാണ്. കേരളത്തെ നടുക്കിയ ആ ക്വട്ടേഷന്‍ ആക്രമണത്തിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ നിന്ന് നാടകീയമായി പൊലീസ് അറസ്റ്റു ചെയ്തു. വൈകാതെ അന്വേഷണം മലയാള സിനിമയെ അടക്കി ഭരിച്ചുകൊണ്ടിരുന്ന നടന്‍ ദിലീപിലേയ്ക്ക് നീങ്ങി.
ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 2017 ഫെബ്രുവരി 19ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഇരുട്ടു വീണു തുടങ്ങിയ സന്ധ്യയില്‍ സിനിമമേഖലയിലുള്ളവര്‍ ഒത്തുകൂടി. ഒരുപാടുപേര്‍ സംസാരിച്ചു. വികാരം കൊണ്ടു. രോഷം പ്രകടിപ്പിച്ചു. കണ്ണീരൊഴുക്കി. ആവേശഭരിതരായി. ഒരാള്‍ മാത്രം ഉള്ളില്‍ തിളയ്ക്കുന്ന ക്ഷോഭത്തില്‍, ഉറച്ച ശബ്ദത്തില്‍ പറഞ്ഞ വാക്കുകള്‍ കേരളം വേറിട്ടുകേട്ടു.
"ഇവിടെയിരിക്കുന്ന പലരെയും, ഞാനടക്കമുള്ള പലരെയും പല അര്‍ധ രാത്രികളിലും അസമയങ്ങളിലും ഞങ്ങളുടെ വീടുകളില്‍ കൊണ്ടാക്കിയിട്ടുള്ള ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരെയും അങ്ങനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ, ഇതിനു പിന്നാല്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതു മാത്രമല്ല, ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചു കിട്ടാനുള്ള അര്‍ഹതയും ഒരു സ്ത്രീക്കുണ്ട്." മഞ്ജു വാര്യര്‍ പറഞ്ഞു.
ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് സംശയം പ്രകടിപ്പിക്കുകയല്ല. ഉറപ്പിച്ച് പറയുകയായിരുന്നു അന്ന് മഞ്ജു വാര്യര്‍. വില്ലനായി ആരുടെയും പേര് ആ സമയത്ത് ഉയര്‍ന്നു വന്നിരുന്നില്ല. പക്ഷെ മഞ്ജുവായിരുന്നു ശരിയെന്ന് പിന്നീട് അന്വേഷണത്തിന്‍റെ നാള്‍ വഴിയില്‍ തെളിഞ്ഞു. സിനിമയിലെ ആണ്‍ മേല്‍ക്കോയ്മയ്ക്കെതിരായ പടപ്പുറപ്പാടിനും മഞ്ജുവിന്‍റെ വാക്കുകള്‍ തിരികൊളുത്തി.
2017 ഫെബ്രുവരി 23ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീടങ്ങാനെത്തുന്നതിനിടെയാണ് പൊലീസ് വളരെ നാടകീയമായി അറസ്റ്റു ചെയ്തത്. കോടതിയുടെ പിന്‍വാതിലിലൂടെ കോടതിക്കുള്ളിലേയ്ക്ക് കടന്ന സുനി പൊലീസിന്‍റെ കണ്ണുവെട്ടിച്ച് പ്രതികള്‍ നില്‍ക്കേണ്ട ബോക്സിനുള്ളില്‍ കടക്കുകയും ഉടന്‍ തന്നെ മഫ്തിയിലെത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെ സുനിയെ അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റി.
സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ പെരുമ്പാവൂര്‍ കോടനാട് സ്വദേശി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയാണ് നടിയെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയതെന്ന് കൃത്യം നടന്നതിന്‍റെ അടുത്ത ദിവസം തന്നെ പൊലീസിന് വ്യക്തമായിരുന്നു. പൊലീസ് തിരിച്ചിലിനിടെയാണ് സുനി കോടതിയിലെത്തിയതും. അറസ്റ്റും. സുനിക്ക് പള്‍സര്‍ ബൈക്കുകളോടായിരുന്നു പ്രിയം. അതുകൊണ്ട് സുഹൃത്തുകള്‍ പള്‍സര്‍ സുനിയെന്ന് വിളിച്ചു. കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. മുകേഷ് ഉള്‍പ്പെടെ പലരുടെയും ഡ്രൈവറായിരുന്നു. നടന്‍ ദിലീപിന്‍റെ മാനേജറിന്‍റെ വാഹനം ഓടിച്ചിരുന്നു.
തട്ടിക്കൊണ്ടുപോകൽ, പീഡനശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ എന്നിങ്ങനെ നിരവധി വകുപ്പുകളാണ് സുനിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ കേസിൽ ഏഴര വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് അടുത്തിടെ സുനിക്ക് ജാമ്യം ലഭിച്ചത്.
സുനി പിടിയിലായതിന്‍റെ പിറ്റേന്ന്, കേസില്‍ തന്‍റെ പേര് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടന്‍ ദിലീപ് അന്ന് ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് ഇ മെയില്‍ വഴി പരാതി അയച്ചു. ദിലീപിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചകേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണവും സനലും അറസ്റ്റിലായി.
എന്നാൽ, ദിലീപ് നായകനായ ഒരു സിനിമയുടെ തൃശൂരിലെ ലൊക്കേഷനിൽ പൾസർ സുനി എത്തിയതിൻ്റെ തെളിവുകൾ പോലീസിന് ലഭിച്ചതോടെ കേസിൻ്റെ ഗതി മാറി. ഇതോടെ, മഞ്ജു വാര്യർ ആദ്യം ഉന്നയിച്ച ഗൂഢാലോചനാ വാദത്തിന് കൂടുതൽ ബലം ലഭിക്കുകയും അന്വേഷണം മലയാള സിനിമയിലെ പ്രബലനായ നടൻ ദിലീപിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തു. അതോടെ, കേവലം ഒരു ക്വട്ടേഷൻ ആക്രമണം എന്നതിലുപരി, വമ്പൻ ഗൂഢാലോചനയുടെ ചുരുളഴിയുകയായിരുന്നു.