malabar-rain

വടക്കന്‍ കേരളത്തില്‍  അതിശക്ത മഴയില്‍ മൂന്നാംദിവസവും നാശം. മലപ്പുറത്ത് മീന്‍പിടിക്കാനായി പോയ ആളെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാര്‍ക്കാട്  പുഴയില്‍ കാണാതായ ഒറ്റപ്പാലം സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്.  വയനാട്ടിലും കണ്ണൂരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ  അവധി പ്രഖ്യാപിച്ചു. 

നിലമ്പൂര്‍ വല്ലപ്പുഴയില്‍ മീന്‍പിടിക്കാന്‍ പോയ വല്ലപ്പുഴ സ്വദേശി മനോലന്‍ റഷീദാണ് മരിച്ചത്.‌‌ വാഴക്കാട് മപ്രം മുഖക്കാവില്‍ മുഹമ്മദലിയുടെ വീട്ടിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു.  കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലും മാവൂര്‍റോഡിലും വെള്ളം കയറി. കണ്ണൂര്‍ നാദാപുരം എയര്‍പോട്ട് റോഡില്‍ കലുങ്ക് തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. വിവരം അറിഞ്ഞെതിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.

വിലങ്ങാട് ചേലക്കാട് തോട്ടത്തില്‍ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറും ഇടിഞ്ഞുതാഴ്ന്നു. തൊട്ടില്‍പ്പാലം പുഴയില്‍ ഉച്ചയോടെ മലവെള്ളപ്പാച്ചിലുണ്ടായി. കണ്ണൂരില്‍ എളയാവൂരില്‍ വീടിന്‍റെ മേല്‍ക്കൂര പറന്നുപോയി. കുപ്പത്ത് ദേശീയപാത നിര്‍മാണസ്ഥലത്ത് ഇടിഞ്ഞുവീണ മണ്ണ് മാറ്റാന്‍ നിര്‍മാണ കമ്പനി നടപടി തുടങ്ങി. നെടുംപൊയിലില്‍ മരം വീണ് മൂന്നുപേര്‍ക്ക് പരുക്കേറ്റു. പഴശ്ശി ഡാമിന്‍റെ 16 ഷട്ടറുകളില്‍ 13 എണ്ണവും തുറന്നു. കല്ലൂര്‍പുഴ കരകവി‍‍ഞ്ഞ് മന്മഥമൂല റോഡില്‍ വെള്ളം കയറി.

പാലക്കാട് ശക്തമായ കാറ്റില്‍ അട്ടപ്പാടിയില്‍ വ്യാപകകൃഷി നാശമുണ്ടായി. ഇന്നലെ വൈകീട്ടാണ് മണ്ണാര്‍ക്കാട് പുഴയില്‍ വിനോദസഞ്ചാരത്തിനായി എത്തിയ മുബീലിനെ കാണാതായത്. മുബീലിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.  തൃത്താല വെള്ളിയാങ്കല്ല് പൈതൃകപാര്‍ക്ക് താല്‍കാലികമായി അടച്ചു. കാസര്‍കോട് മഞ്ചേശ്വരത്ത് ദേശീയപാതയില്‍ ഓവുചാല്‍ ഇല്ലാത്തതിനാല്‍ നിരവധി വീടുകളില്‍ വെള്ളംകയറി. ബദിയടുക്ക സെക്ഷനില്‍ അമ്പതോളം വൈദ്യുതി തൂണുകളും നിലംപതിച്ചിട്ടുണ്ട്

ENGLISH SUMMARY:

Heavy rains continue to wreak havoc across North Kerala for the third consecutive day. One person was found dead in a stream in Malappuram, and search is underway for a missing man in a Palakkad river. Schools in Wayanad and Kannur will remain closed tomorrow due to severe weather.