തീരത്തടിയുന്ന കണ്ടെയ്നറുകളില്‍ വെളളത്തോട് ചേരുമ്പോള്‍ തീപിടിക്കുന്നതും പൊളളലേല്‍പിക്കുന്നതുമായ വസ്തുക്കള്‍ ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഒഴുകിയെത്തുന്ന ചെറിയ ബോക്സുകളിലും സ്പര്‍ശിക്കരുതെന്നും ജാഗ്രതാ നിര്‍ദേശമുണ്ട്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധസംഘം കേരളത്തിലെത്തും.
മണിക്കൂറില്‍ 3 കിലോമീറ്റര്‍ വേഗതയില്‍ ഒഴുകി നീങ്ങുന്ന കണ്ടെയ്നറുകളില്‍ 13 എണ്ണത്തിലാണ് ഹാനികരമായ വസ്തുക്കളുളളത്. 12 എണ്ണത്തിലുളള കാല്‍സ്യം കാര്‍ബൈഡ് ഉപ്പു വെളളവുമായി കലരുമ്പോള്‍ തീപിടിക്കാനുളള സാധ്യതയാണ് മുന്നറിയിപ്പുകളുടെ ഗൗരവം വര്‍ധിപ്പിക്കുന്നത്. തീരത്തടിയുന്ന വസ്തുക്കളില്‍ നിന്ന് ജനങ്ങള്‍ അകലം പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
ആശങ്ക വേണ്ടെന്നും കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ സുസജ്ജമാണെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. രാസ വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ സംവിധാനമുളള എന്‍.ഡി.ആര്‍.എഫ്. മൊബൈല്‍ യൂണിറ്റുകളും കൊല്ലത്തെത്തി. രാസവസ്തുക്കള്‍ തിരിച്ചറിയാനും നീര്‍വീര്യമാക്കാനും മൈബൈല്‍ യൂണിറ്റില്‍ സംവിധാനമുണ്ട്.