karuvannur-scam-ed-chargesheet-cpm-leaders-named

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എമ്മിനെ കുരുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. സി.പി.എം പാർട്ടിയെയും മുതിർന്ന നേതാക്കളായ കെ. രാധാകൃഷ്ണൻ എം.പി, എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവരെയും പ്രതിചേർത്താണ് അന്തിമ കുറ്റപത്രം.

കുറ്റപത്രത്തിലെ വിവരങ്ങൾ: കുറ്റപത്രത്തിൽ സി.പി.എം 68-ാം പ്രതിയും, എം.എം. വർഗീസ് 69-ാം പ്രതിയും, എം.പി കെ. രാധാകൃഷ്ണൻ 70-ാം പ്രതിയുമാണ്. കൗൺസിലർ മധു അമ്പലപുരം ഉൾപ്പെടെ ഒരു ഡസനിലേറെ പ്രാദേശിക നേതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ തട്ടിപ്പിലൂടെ പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായും ഇതിൽ 128 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയതായും കുറ്റപത്രത്തിൽ പറയുന്നു.

നേതാക്കൾക്കെതിരായ ആരോപണങ്ങൾ: മുൻ ജില്ലാ സെക്രട്ടറിമാർ തട്ടിപ്പ് നടത്താൻ പ്രതികൾക്ക് സഹായം ഒരുക്കിയെന്ന് കുറ്റപത്രത്തിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവർക്കെതിരെയാണ് ഈ ആരോപണങ്ങൾ. എ.സി. മൊയ്തീൻ കള്ളപ്പണം വെളുപ്പിക്കാനും നിയമവിരുദ്ധ വായ്പ നൽകാനും ഒത്താശ ചെയ്തെന്നും അതുവഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് സി.പി.എമ്മിന് ലഭിച്ചെന്നും ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു.

രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഎം: സി.പി.എമ്മിനെ പ്രതിപ്പട്ടികയിൽ ചേർത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. "ജനകീയ പിന്തുണയോടെ രാഷ്ട്രീയമായും നിയമപരമായും പാർട്ടി ഇത് നേരിടും. ഇതൊന്നും കൊണ്ട് സി.പി.എമ്മിന് പോറൽ ഏൽപിക്കാമെന്ന് ഇ.ഡി കരുതേണ്ട. ഇതുകൊണ്ടൊന്നും നിലമ്പൂരിൽ ഞങ്ങളുടെ വോട്ടൊന്നും മാറാൻ പോകുന്നില്ല," എം.വി. ഗോവിന്ദൻ പറഞ്ഞു.

ENGLISH SUMMARY:

In a significant development in the Karuvannur Cooperative Bank fraud case, the Enforcement Directorate (ED) has named the CPI(M) as the 68th accused in its final chargesheet, along with senior leaders including MP K Radhakrishnan, AC Moideen, and MM Varghese. The ED alleges the accused embezzled ₹180 crore, with ₹128 crore worth of assets already frozen. The chargesheet accuses party leaders of aiding in the fraud and facilitating illegal loans and money laundering. CPI(M) responded, calling the action a political conspiracy and vowed to fight it legally and politically.