ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഗതിമാറി ഒഴുകിയ വയനാട് ചൂരല്‍മല പുന്നപ്പുഴയില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കുന്ന പ്രവൃത്തികള്‍ എങ്ങുമെത്തിയില്ല. കോരിയെടുത്ത മണ്ണ് ഈ മഴക്കാലത്ത് വീണ്ടും പുഴയിയിലേക്ക് തിരിച്ചൊഴുകുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ ആദ്യ ഇരയായി മാറേണ്ടിവന്ന പുന്നപ്പുഴ. മരങ്ങളും പാറക്കല്ലുകളും ഒഴുകിവന്ന് ഏതാണ്ട് എട്ട് കിലോമീറ്ററോളം ഗതിമാറി ഒഴുകിയ പുഴയെ വീണ്ടെടുക്കാനുള്ള ദൗത്യം തുടങ്ങിയത് ഒരു മാസം മുന്‍പാണ്. പക്ഷേ അപ്പോഴേക്കും മഴക്കാലം തുടങ്ങി. കോരിയെടുത്ത മണ്ണും കല്ലുമെല്ലാം പുഴയോട് ചേര്‍ന്നാണ് കൂട്ടിയിട്ടിരുന്നത്. ആദ്യ ദിവസങ്ങളിലെ മഴയില്‍ തന്നെ ഇതില്‍ ഭൂരിഭാഗവും തിരിച്ച് പുഴയിലേക്ക് ഒലിച്ചിറങ്ങിയതോടെ ഒരു മാസത്തെ പണി വെറുതെയായി.
അടിഞ്ഞുകൂടിയ 50 ലക്ഷം ടണ്‍ അവശിഷ്ടങ്ങളാണ് നീക്കേണ്ടത്. 195 കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് പ്രവൃത്തികള്‍ ചെയ്യുന്നത്. കോഴിക്കോട് എന്‍ഐടിയുമായി ബന്ധപ്പെട്ട് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയാണ് ദൗത്യം. മഴ ശക്തമായാല്‍ പുഴയിലെ ജലനിരപ്പും കുത്തൊഴുക്കും ഇനിയും കൂടും. ഇത് മുണ്ടെക്കൈയുമായി ചൂരല്‍മലയെ ബന്ധിപ്പിക്കുന്ന താല്‍കാലിക ബെയ്‍ലി പാലത്തിന്‍റെ ബലക്ഷയത്തിനും കാരണമായേക്കാം. പുറത്തേക്ക് എടുക്കുന്ന മണ്ണ് മറ്റിടങ്ങളിലേക്ക് മാറ്റി കുറേകൂടി വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ നീക്കണമെന്നാണ് ഉയരുന്ന ആവശ്യം.