അറബിക്കടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള 16 കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ തീരങ്ങളിൽ കണ്ടെത്തി. ഇതിൽ 14 എണ്ണം കൊല്ലം തീരത്തും 2 എണ്ണം ആലപ്പുഴ തീരത്തുമാണ് അടിഞ്ഞത്.
കണ്ടെത്തിയ ചില കണ്ടെയ്നറുകൾ തകർന്ന നിലയിലാണ്. അതിലുണ്ടായിരുന്ന ബണ്ടിലുകൾ പുറത്തേക്ക് ചിതറിയ നിലയിലായിരുന്നു. ഈ ബണ്ടിലുകളിൽ കോട്ടൺ ഉൽപ്പന്നങ്ങളാണുള്ളതെന്ന് സംശയിക്കുന്നു. ബണ്ടിലുകളിൽ "സോഫി ടെക്സ്" എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ടെയ്നറുകളുടെ അടുത്തേക്ക് പോകരുതെന്നും 200 മീറ്റർ അകലം പാലിക്കണമെന്നും നിർദേശമുണ്ട്.
കപ്പലിൽ 640 കണ്ടെയ്നറുകളുള്ളതിൽ 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കളുണ്ടെന്ന് സ്ഥിരീകരിച്ചു. കണ്ടെയ്നറുകളിൽ ചിലത് കപ്പലിനൊപ്പം കടലിലേയ്ക്ക് ആഴ്ന്നുപോയി. അതേസമയം, കോസ്റ്റ് ഗാർഡ് ഇൻഫ്രാറെഡ് സംവിധാനമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് രാത്രിയിലും കപ്പലിൽ നിന്നുള്ള എണ്ണചോർച്ച പ്രതിരോധിക്കുന്നത് തുടർന്നു.