കൊച്ചി തീരത്തു നിന്നും 38 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറായി അറബിക്കടലില്‍ ചരിഞ്ഞ കപ്പല്‍ എംഎസ്‌സി എല്‍സ പൂര്‍ണമായും കടലില്‍ താഴ്ന്നു. കപ്പലിലെ ക്യാപ്റ്റനടക്കം അവശേഷിച്ച മൂന്നുപേരെയും രക്ഷപ്പെടുത്തി. നാവികസേനയുടെ ഐഎന്‍എസ് സുജാതയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകള്‍ കടലിലേക്ക് തെറിച്ചു. അതേസമയം, കപ്പലില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ അടിയാന്‍ കൂടുതല്‍ സാധ്യത എറണാകുളം, ആലപ്പുഴ തീരങ്ങളിലെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം കൊല്ലം തീരങ്ങളിലും അടിഞ്ഞേക്കുമെന്നും മുന്നറിയിപ്പ്.

കാർഗോയിൽ മറൈൻ ഗ്യാസ് ഓയിൽ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ തോതിൽ സൾഫർ അടങ്ങിയ എണ്ണയാണ് മറൈൻ ഗ്യാസ് ഓയിൽ. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനങ്ങൾ ഒരുകാരണവശാലും ഇത് തുറക്കുകയോ സ്പർശിക്കുകയോ ചെയ്യരുത് എന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കപ്പലില്‍ ഏകദേശം 400 കണ്ടെയ്‌നറുകളുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവയെല്ലാം അപകടകരമായ ചരക്കുകളല്ലെന്നും അധികൃതർ അറിയിച്ചു. തീരത്ത് കണ്ടെയ്നറുകളോ സമാനമായ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ അവയ്ക്ക് അടുത്ത് പോകരുത്. ഉടൻ തന്നെ 112 എന്ന നമ്പറില്‍ വിവരമറിയിക്കണം. തീരത്ത് എണ്ണപ്പാട് കണ്ടാല്‍ തൊടരുതെന്നും അറിയിപ്പുണ്ട്. 

ചരിഞ്ഞ കപ്പല്‍ നിവര്‍ത്താനും കണ്ടെയ്നറുകള്‍ മാറ്റാനുമായി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ പുറംകടലിലെത്തിയിരുന്നു. എന്നാല്‍ ശ്രമങ്ങള്‍ വിഫലമാക്കിയാണ് കപ്പല്‍ കടലില്‍ താഴ്ന്നത്. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. കപ്പലിലെ ക്യാപ്റ്റന്‍ റഷ്യക്കാരനാണ്. ജീവനക്കാരില്‍ 20 പേര്‍ ഫിലിപ്പീന്‍സ് പൗരന്മാരാണ്. കൂടാതെ രണ്ട് യുക്രെയ്നികളും ഒരു റഷ്യക്കാരനും ഒരു ജോര്‍ജിയക്കാരനും ജീവനക്കാരായുണ്ട്. രക്ഷപെട്ട കപ്പല്‍ ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങളില്ല. ചുഴിയിൽപ്പെട്ടാണ് കപ്പൽ ചെരിഞ്ഞതെന്നാണ് സൂചന. 

ENGLISH SUMMARY:

Cargo vessel MSC Elsa has completely sunk 38 nautical miles southwest of Kochi in the Arabian Sea. The Indian Navy's INS Sujata rescued the remaining three crew members, including the captain. Several containers were thrown into the sea during the incident. Authorities warn of a high possibility of containers washing ashore along Ernakulam, Alappuzha, Thiruvananthapuram, and Kollam coasts.