കൊച്ചിക്ക് സമീപം അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ ചരക്കു കപ്പല്‍ പൂര്‍ണമായും മുങ്ങി. എണ്ണച്ചോര്‍ച്ച ആശങ്കയാണെങ്കിലും ഇത് നേരിടാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ പുറങ്കടലിലുണ്ട്. കണ്ടെയ്നറുകള്‍ കടലിലേയ്ക്ക് തെറിച്ചുവീണു. 13 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ട്. കപ്പല്‍ ജീവനക്കാരെ സുരക്ഷിതരായി കരയിലെത്തിച്ചു.
കപ്പല്‍ച്ചേതത്തില്‍ മരണത്തെ മുഖാമുഖം കണ്ടവര്‍ ആശ്വാസതീരമണഞ്ഞു. നാവികസേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനും രക്ഷാദൗത്യവിജയം. ക്യാപ്റ്റന്‍ അടക്കം കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും സുരക്ഷിതരായി കരയ്ക്ക് എത്തിച്ചു. ആര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ല. ഇവരെ ഇമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറി. വിഴിഞ്ഞത്തുനിന്നും പുറപ്പെട്ട എംഎസ്‍സി എല്‍സ ത്രി എന്ന ലൈബീരിയന്‍ കപ്പലാണ് തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായി ഇന്നലെ ചെരിഞ്ഞത്. കാലാവസ്ഥ പ്രതികൂലമായി ബാധിച്ചെന്ന് ക്യാപ്റ്റന്‍.
കപ്പല്‍ നിവര്‍ത്താനും കണ്ടെയ്നറുകള്‍ മാറ്റാനും ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. കെട്ടിവലിച്ച് കരയ്ക്ക് അടുപ്പിക്കാനുള്ള സാധ്യതയും നാവികസേന പരിശോധിച്ചു. കടല്‍ പ്രക്ഷുബ്ധമായതും പ്രതികൂലകാലവസ്ഥയും അപകടം മൂലമുണ്ടായ അവശിഷ്ടങ്ങളും പ്രതിസന്ധിയായി. സാല്‍വേജ് ഒാപ്പറേഷന് കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റന്‍ അടക്കം മൂന്ന് പേരെ നാവികസേന കപ്പല്‍ INS സുജാത രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ കപ്പല്‍ കടലില്‍ മുങ്ങിത്താണു. കപ്പലില്‍ നിന്ന് സള്‍ഫര്‍ അടങ്ങിയ മറീന്‍ ഒായില്‍ ചേര്‍ന്നു. പരിസ്ഥിതി നാശ ഭീഷണിയുണ്ട്. എണ്ണച്ചോര്‍ച്ച നേരിടാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സക്ഷവും ഡോണിയര്‍ വിമാനങ്ങളുമുണ്ട്. എണ്ണ വലിച്ചെടുക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. കപ്പലില്‍ 640 കണ്ടെയ്നറുകളുണ്ടായിരുന്നു. 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കള്‍ ഉള്ളതായി സ്ഥിരീകരിച്ചു. കാല്‍ഷ്യം കാര്‍ബൈഡും കണ്ടെയ്നറുകളിലുണ്ട്. 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഒായിലും കപ്പലിന്‍റെ ടാങ്കിലുണ്ട്. ടാങ്ക് നിലവില്‍ തകര്‍ന്നിട്ടില്ല. കടലിലേയ്ക്ക് തെറിച്ചുവീണ കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുകയാണ് മറ്റെരുവെല്ലുവിളി. കപ്പലിന്‍റെ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തിരക്കേറിയ രാജ്യാന്തര കപ്പല്‍പ്പാതയില്‍ കണ്ടെയ്നറുകള്‍ ഒഴുകിനടക്കുന്നത് ഗുരുതരമായ സുരക്ഷാപ്രശ്നമാണ്. ഇതേ പാതയില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.