മലപ്പുറം കൂരിയാട് ദേശീയ പാത നിർമാണം അശാസ്ത്രീയമായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന്. കൂരിയാട് ദേശീയപാത നിർമാണം നടക്കുമ്പോൾ തന്നെ സർവീസ് റോഡിൽ വെള്ളം കയറിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനു പരിഹാരം കാണാതെയാണ് ഒരു വർഷം മുൻപ് കട്ട കെട്ടി ദേശീയ പാതയ്ക്കായുള്ള റോഡ് ഉയർത്തിയത്.
നാട്ടുകാർ പറഞ്ഞ ആശങ്കയുടെ ദൃശ്യങ്ങൾ കരാർ കമ്പനി ഒരു വർഷം മുൻപ് നേരിൽ കണ്ടിട്ടും അനങ്ങിയില്ല. പ്രശ്നം പഠിക്കാതെ പരിഹാരം കാണാതെ നിർമാണം തുടർന്നു, ഒടുവിൽ റോഡ് തന്നെ ഇടിഞ്ഞു താഴുകയായിരുന്നു. കഴിഞ്ഞ മഴയത്ത് വയലിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകൾ വഞ്ചിയിൽ പോയ ഇടത്താണ് ദേശീയ പാതയിലെ മണ്ണ് ഇപ്പോൾ പതിഞ്ഞിരിക്കുന്നത്. നിർമാണ സമയത്ത് സർവീസ് റോഡിൽ വെള്ളം കയറിയതിന്‍റെ സാഹചര്യം മനസിലാക്കിയില്ല. മണ്ണിന് ബലം ഇല്ലെന്ന് നാട്ടുകാർ പറഞ്ഞിട്ടും മണ്ണ് പരിശോധനയ്ക്ക് തയ്യാറായില്ല.