സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മുന്നറിയിപ്പിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ദുരന്ത സാധ്യത മുന്നറിയിപ്പ് സൈറൺ 3.30-ന് മുഴക്കി.
ആലപ്പുഴയിൽ കടലാക്രമണം രൂക്ഷമായി. തൃക്കുന്നപ്പുഴ ചേലക്കാട് രണ്ട് വീടുകൾ ഭാഗികമായി തകരുകയും തെങ്ങുകൾ കടപുഴകുകയും ചെയ്തു. പുന്നപ്രയിൽ കടൽഭിത്തി ഭാഗികമായി തകർന്നു. കനത്ത മഴയെ തുടർന്ന് കോഴിക്കോട് ദേശീയപാതയ്ക്ക് സമീപമുള്ള റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പയ്യോളി, തിക്കോടി, പൊയിൽക്കാവ് ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട് അട്ടപ്പാടി കവുണ്ടിക്കലിൽ റോഡിൽ മുളങ്കൂട്ടം വീണ് ഗതാഗതം തടസ്സപ്പെട്ടു. മുളങ്കൂട്ടം മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മലപ്പുറം വഴിക്കടവ് പുഞ്ചകൊല്ലി അളക്കൽ നഗറിൽ പുന്നപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ മുള കൊണ്ടുള്ള ചങ്ങാടം ഒലിച്ചുപോയി. ഇതോടെ 34 ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു. നീലഗിരിയിൽ മഴ ശക്തമായതിനെ തുടർന്നാണ് പുന്നപ്പുഴയിൽ ജലനിരപ്പ് ഉയർന്നതും മലവെള്ളപ്പാച്ചിൽ ഉണ്ടായതും.
കോഴിക്കോട് വടകര അഴിയൂരിൽ കിണർ വൃത്തിയാക്കാനിറങ്ങിയ കണ്ണൂർ കരിയാട് പടന്നക്കര സ്വദേശി രതീഷ് മണ്ണിടിഞ്ഞ് മരിച്ചു. ആറ് തൊഴിലാളികളാണ് കിണർ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. രാവിലെ മുതൽ മേഖലയിൽ ശക്തമായ മഴയായിരുന്നു. കനത്ത മഴയിലും കാറ്റിലും കോട്ടയത്ത് ബിഎസ്എൻഎൽ മൊബൈൽ ടവർ നിലംപതിച്ചു. പാലാ സെന്റ് തോമസ് കോളേജ് ലൈബ്രറി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് ടവർ വീണത്.
കനത്ത മഴയിലും കാറ്റിലും തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. തിരുവനന്തപുരത്ത് മരങ്ങൾ കടപുഴകി വീണ് നാല്പതിലേറെ വീടുകൾ തകർന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മേൽക്കൂര തകർന്നു. കൊല്ലത്തും പത്തനംതിട്ടയിലും മരങ്ങൾ ഒടിഞ്ഞുവീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. കാലവർഷത്തിന് മുമ്പ് മരങ്ങളുടെ ശിഖരങ്ങൾ വെട്ടിയൊതുക്കാത്തതാണ് തിരുവനന്തപുരം നഗരത്തിലെ അപകട ഭീഷണിക്ക് കാരണം.
ശക്തമായ കാറ്റിലും മഴയിലും വടക്കൻ കേരളത്തിലും പരക്കെ നാശമുണ്ടായി. കോഴിക്കോട് നല്ലളത്ത് 110 കെവി ലൈനിന്റെ ടവർ ചരിഞ്ഞു. കണ്ണൂർ പിണറായിയിൽ തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പാലക്കാട് 33 കെവി ലൈനിൽ മരം വീണതോടെ അട്ടപ്പാടി ഇരുട്ടിലായി. അതീവ ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. "അലർട്ട് മാത്രമല്ല, അതിനപ്പുറം ജാഗ്രത വേണം. 3950 ക്യാമ്പുകൾ തയ്യാറാണ്," മന്ത്രി പറഞ്ഞു. രാത്രി യാത്ര പരമാവധി ഒഴിവാക്കണമെന്നും നിർദേശം നൽകി.