റേഷന്‍കടകളില്‍ മെയ് മാസം മണ്ണെണ്ണ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം പാഴായി. മാസം തീരാറായിട്ടും കടകളില്‍ മണ്ണെണ്ണ എത്തിയില്ല. വിതരണവുമായി ബന്ധപ്പെട്ട വിചിത്രനിര്‍ദേശങ്ങളാണ് പ്രതിസന്ധിക്ക് കാരണം. കോണ്‍ട്രാക്‌ടറുമാരുടെ സമരം കൂടിയായതോടെ കടകളില്‍ അരിയുമില്ല.
രണ്ടുവര്‍ഷത്തിനു ശേഷമാണ് റേഷന്‍കടകളില്‍ മണ്ണെണ്ണയെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മെയ് മാസം തുടക്കത്തില്‍ തന്നെ വികരണം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ദിവസമിത്രെയായി മണ്ണെണ്ണ കടകളിലെത്തിക്കാന്‍ പോലുമായിട്ടില്ല. വിതരണവുമായി ബന്ധപ്പെട്ട അവ്യക്തതകളാണ് വൈകാന്‍ കാരണം.
ജില്ലയിലെ ഒരു പോയിന്‍റില്‍ ചെന്ന് കടയുടമകള്‍ മണ്ണെണ്ണ സ്വീകരിച്ച് കടയിലെത്തിച്ച് വിതരണം ചെയ്യണമെന്നാണ് വിചിത്ര നിര്‍ദേശം. മുമ്പ് ടാങ്കറില്‍ കടകളിലെത്തിക്കലായിരുന്നു പതിവ്. എന്നാല്‍ പുതിയ തീരുമാനം അനുസരിച്ച് കടയുടമ സ്വന്തം വാഹനം ഏര്‍പ്പാടാക്കണം. എല്ലാ വാഹനങ്ങളിലും മണ്ണെണ്ണ കൊണ്ടുവരാന്‍ പറ്റില്ലാ എന്നതിനാല്‍, അങ്ങനെ വരുന്ന ഫൈനും കൊടുക്കണം.
എല്ലാ ചിലവുകളും തങ്ങള്‍ക്ക് കിട്ടുന്ന ചെറിയ കമ്മീഷനില്‍ നിന്നു കണ്ടെത്തുകയും വേണമെന്നായതോടെയാണ് വ്യാപാരികള്‍ എതിര്‍പ്പറിയിച്ചത്. അതിനിടെ ഈ മാസം 22 ആയിട്ടും മെയ് മാസത്തെ അരിയും വന്നിട്ടില്ല. കോണ്‍ട്രാക്റ്റര്‍മാര്‍ക്കു സര്‍ക്കാര്‍ കുടിശിക നല്‍കാത്തതോടെ കടകളെല്ലാം കാലിയാണ്. കടുത്ത പ്രതിസന്ധിയിലാണ് റേഷന്‍ വ്യാപാരികളും നാട്ടുകാരും.