സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കിക്കൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. രാവിലെ പത്തരക്കാണ് ജില്ലാതലയോഗം. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വെച്ച് ക്ഷണിക്കപ്പെട്ട 500 പേരുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. വൈകിട്ട് അഞ്ചു മണിക്ക് പുത്തരിക്കണ്ടത്താണ് സമാപന സമ്മേളനം. ഒരു ലക്ഷം പേരെ അണിനിരത്താനാണ് സംഘാടക സമിതിയുടെ തീരുമാനം. ഈ യോഗത്തില്‍വെച്ച് മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് പ്രകാശനം ചെയ്യും.
അതേ സമയം ഭരണം തുടരും എന്ന് സര്‍ക്കാര്‍, ഒടുങ്ങുമെന്ന് പ്രതിപക്ഷം. ഈ രണ്ടുവാക്കുകള്‍ കേരളത്തിനു മുന്നിലേക്കിട്ടാണ് സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം അവസാനിക്കുന്നത്. ക്യാപ്റ്റന്‍തന്നെ തുടരുമെന്ന് ഭരണപക്ഷവും ഒരുകാരണവശാലും അതുണ്ടാവില്ലെന്ന് പ്രതിപക്ഷവും ആണയിടുന്നതോടെ തിരഞ്ഞെടുപ്പ് മോഡിലേക്ക് മാറി രാഷ്ട്രീയം. നാലാം വാര്‍ഷികാഘോഷം സമാപിക്കുമ്പോള്‍ ഒന്നു വ്യക്തം ഭരണപക്ഷത്തിന് ക്യാപ്റ്റന്‍ ഒന്നേയുള്ളൂ. വൈസ് ക്യാപ്റ്റന്‍മാരുണ്ടാകുമോ എന്നുപോലും പറയാനാരുമില്ല. സര്‍ക്കാരും പാര്‍ട്ടിയും ഒന്നിക്കുന്ന ശക്തി കേന്ദ്രമാണെന്ന് ഒന്നു കൂടി തെളിയിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോടു നിന്ന് തിരുവനന്തപുരം വരെ യാത്രചെയ്തത്. ഭരണ–വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞും, പൗരപ്രമുഖരെ നേരിട്ടുകണ്ടും ജില്ലകളിലെ പരാതികള്‍കേട്ടും നാലാം വര്‍ഷത്തെ യാത്ര സമീപിക്കുമ്പോള്‍ കൂടുതല്‍ജനാഭിമുഖമാകും ഭരണമെന്ന് പറയാതെ പറയുകയാണ് സര്‍ക്കാര്‍. ജനജീവിതം ദുസ്സഹമാക്കി കേരളത്തെ കടക്കെണിയിലാക്കിയ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികം കരിദിനമായല്ലാതെ എന്തായി ആചരിക്കുമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ദലിത് സ്ത്രീക്കുനേരെയുള്ള പൊലീസ് അതിക്രമം , തുടരുന്ന വന്യജീവി ആക്രമണങ്ങള്‍, ആശമാരുടെ സമരജ്വാല തുടങ്ങി ഇടിഞ്ഞുതാഴുന്ന ദേശീയപാതവരെ ഒരു കൂട്ടം
പ്രശനങ്ങളും നാലാം വാര്‍ഷികാഘോഷത്തിനിടെ ഉയര്‍ന്നു വന്നു, അവ പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. പെഹല്‍ഗാം ആക്രമണവും അതിര്‍ത്തിയിലെ സൈനിക നീക്കവും വലിയതോതില്‍നാലാം വര്‍ഷികാഘോഷത്തില്‍ നിന്ന് ജനശ്രദ്ധതിരിച്ചെങ്കിലും തിരഞ്ഞെടുപ്പിലേക്ക് രാഷ്ടീയ കേരളത്തിന്‍റെ ഗതിതിരിച്ചു വിടാന്‍ നാലാം വാര്‍ഷികത്തിന് കഴിഞ്ഞു.