വീടിനകത്തെ ചുമരുകളിലെല്ലാം കളര്‍ പെന്‍സില്‍ ഉപയോഗിച്ച് വരച്ച പാടുകള്‍, ആ നാലുചുമരുകള്‍ക്കുള്ളില്‍ വച്ചാണ് മൂന്നര വയസുകാരിയെ കൊച്ചഛന്‍ ഇല്ലാതാക്കിയത്. കുഞ്ഞ് മരിച്ച് ആദ്യ ദിവസം തൊട്ടുതന്നെ പ്രതി നിരീക്ഷണത്തിലായിരുന്നു, കേസ് വഴിതിരിഞ്ഞുവന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ഡോക്ടറുടെ കണ്ടെത്തലുകളെ തുടര്‍ന്നാണ്. എന്നാല്‍ ആ കണ്ടെത്തലുകളൊന്നും പൊലീസ് ബന്ധുക്കളോട് പറഞ്ഞില്ല. കുഞ്ഞിന്റെ സംസ്കാരം വരെ എല്ലാം മൗനമായി വച്ചു. എന്നാല്‍ ആ സംസ്കാരച്ചടങ്ങുകള്‍ക്കിടയിലും പൊലീസ് ബന്ധുക്കളോരോരുത്തരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു.
കുഞ്ഞ് താമസിച്ച ചെറിയ വീട്ടില്‍ മാതാപിതാക്കള്‍ക്കു പുറമേ ഏകസഹോദരനും ഉണ്ടായിരുന്നെങ്കിലും കുടുംബത്തിലെ പ്രശ്നങ്ങള്‍ കാരണം കുട്ടികള്‍ രണ്ടുപേരും പലപ്പോഴും തൊട്ടടുത്തുള്ള കുടുംബവീട്ടിലാണ് തങ്ങിയിരുന്നത്. മുത്തച്ഛനും മുത്തശ്ശിക്കും പുറമേ പിതാവിന്റെ അവിവാഹിതരായ രണ്ടു സഹോദരന്‍മാരാണ് അവിടെ താമസിച്ചിരുന്നത്. സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നതിനാല്‍ പുത്തന്‍കുരിശ് പൊലീസിനു പ്രതിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യംചെയ്യാനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചടങ്ങുകള്‍ക്കു ശേഷം പ്രതി കടന്നുകളയുന്നത് തടയാന്‍ എല്ലാ മുന്‍ കരുതലുകളും പൊലീസ് സ്വീകരിച്ചിരുന്നു.
പെണ്‍കുഞ്ഞ് പീഡിപ്പിക്കപ്പെട്ട വിവരം അന്വേഷണസംഘം അതീവരഹസ്യമായി സൂക്ഷിച്ചു. അടുത്ത ബന്ധുക്കളോടെല്ലാം സഹാനുഭൂതിയോടെ പെരുമാറിയ പൊലീസ് ഒരുതരത്തിലും പ്രതി സംശയിക്കപ്പെടുന്നു എന്ന തോന്നല്‍ നല്‍കിയില്ല. ചടങ്ങുകള്‍ അവസാനിച്ചതോടെ മൂന്നു ബന്ധുക്കളുടെ മൊഴിയെടുത്തു. ഇതിനൊപ്പമാണ് പ്രതിയേയും പൊലീസ് ചോദ്യം ചെയ്തത്. 19നാണ് കുഞ്ഞിന്റെ കൊലപാതകം സംഭവിച്ചതെങ്കില്‍ 20നുതന്നെ പ്രതിയെ പൊലീസ് ഏതാണ്ട് തിരിച്ചറിഞ്ഞു.എന്നാല്‍ അറസ്റ്റ് ഒഴിവാക്കി.
പ്രതിയെ മാത്രം പിറ്റേന്ന് വീണ്ടും കസ്റ്റഡിയില്‍ ചോദ്യംചെയ്തു. അപ്രതീക്ഷിതമായ ചോദ്യംചെയ്യലില്‍ പതറിയ പ്രതി കുറ്റസമ്മതം നടത്തി. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ക്കായി പൊലീസ് കുട്ടിയും പ്രതിയും താമസിച്ചിരുന്ന വീട്ടിലെത്തി. കുട്ടിയുടെ ഉടുപ്പുകള്‍. പ്രതിയുടെ വസ്ത്രങ്ങള്‍, കിടക്കവിരി എന്നിവയും പരിശോധനയ്ക്കു വേണ്ടി ശേഖരിച്ചു.
മാതാവിനേയും പ്രതിയേയും കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ ഈ കേസില്‍ ഇനിയും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പുറത്തുവരാനുള്ള സാധ്യത അന്വേഷണസംഘം തള്ളിക്കളയുന്നില്ല. കുട്ടിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന പ്രതിക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കിലും ഫോണ്‍ പരിശോധിച്ചതോടെ സ്വഭാവ വൈകൃതത്തിന്റെ തെളിവുകള്‍ ലഭിച്ചു.