ദേശീയപാത 66 ൽ ചാവക്കാട് മണത്തല മേൽപ്പാലത്തിലെ റോഡിൽ വിള്ളൽ ഉണ്ടായ സ്ഥലം വിദഗ്ധസമിതി സന്ദർശിച്ച് പ്രാഥമിക റിപ്പോർട്ട് നൽകി. എൻഎച്ച്എഐ എറണാകുളം പ്രൊജക്റ്റ് ഡയറക്ടറോട് കളക്ടർ പ്രത്യേക റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇതുവരെ സ്ഥലം സന്ദർശിച്ചിട്ട് പോലുമില്ല.
ഇന്നലെ രാവിലെയാണ് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കൊയും കലക്ടർ നിയോഗിച്ച വിദഗ്ധ സംഘവും മണത്തല മേൽപ്പാലത്തിലെ വിള്ളൽ ഉണ്ടായ സ്ഥലം സന്ദർശിച്ചത്. റോഡിന്‍റെ ഉറപ്പും വിള്ളലിന്‍റെ ആഴവും അറിയാൻ മണ്ണിന്‍റെ സാമ്പിളും ശേഖരിച്ചിട്ടുണ്ട്. ഉടൻതന്നെ അന്തിമ റിപ്പോർട്ട് നൽകുമെന്നും അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ആവശ്യമെങ്കിൽ മണത്തലയിൽ വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള പദ്ധതി പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. സ്കൂൾ വാഹനങ്ങൾ അടക്കം സർവീസ് റോഡിൽ നിന്നും തിരിച്ചു വിടുന്നതിനുള്ള പ്ലാൻ ആണ് പോലീസ് സമർപ്പിച്ചിരിക്കുന്നത്. എൻഎച്ച്എഐ എറണാകുളം പ്രൊജക്റ്റ് ഡയറക്ടറോടും കളക്ടർ പ്രത്യേക റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ഇതുവരെ സ്ഥലം സന്ദർശിച്ചിട്ട് പോലുമില്ല. അതിൽ നാട്ടുകാർക്കും വലിയ രീതിയിലുള്ള പ്രതിഷേധമുണ്ട്.
കഴിഞ്ഞദിവസം ഉണ്ടായ മഴയെ തുടർന്നാണ് മണത്തല മേൽപ്പാലത്തെ റോഡിൽ ഏകദേശം 50 മീറ്ററോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടത്. ഇതിന് പിന്നാലെ ബുധനാഴ്ച വൈകുന്നേരം ആണ് വിള്ളൽ ഉണ്ടായ ഭാഗം റീടാർ ചെയ്തത്. റോഡിൽ ഉണ്ടായ വിള്ളലുമായി ബന്ധപ്പെട്ട് കലക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.