സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയില്‍നിന്ന് അനൂസ് റോഷനെ കണ്ടെത്തിയത് അഞ്ചാംനാളാണ്. അനൂസിനെ കൊണ്ടുവന്നത് കര്‍ണാടക റജിസ്ട്രേഷന്‍ വാഹനത്തിലാണ്. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു.
കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന് വാഹനങ്ങൾ വാടകയ്ക്ക് നൽകിയ കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാൻ, അനസ് എന്നിവരാണ് അറസ്റ്റിലായത്. അനൂസ് റോഷനുമായി പ്രതികള്‍ സംസ്ഥാന അതിര്‍ത്തി കടന്നുവെന്നും ഇവര്‍ മൈസൂരുവില്‍ എത്തിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികളെ പിടികൂടുന്നതിനായി കര്‍ണാടകയിലേക്ക് അടക്കം അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
വിദേശത്തുള്ള സഹോദരന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അനൂസിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് അനൂസിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്.