എറണാകുളത്ത് മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞുകൊന്ന കേസിന്റെ സ്വഭാവം മാറുന്നു. കുട്ടിയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ നല്‍കിയ നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസ് പുരോഗമിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശാരീരിക പീഡനം നടന്നതായി ഡോക്ടര്‍ സൂചന നല്‍കി. ഇന്നലെ കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തിനെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പ്രതിസ്ഥാനത്ത് അമ്മ മാത്രമല്ലെന്ന് ബോധ്യപ്പെടുകയാണ്. ഇതോടെ സംഭവത്തില്‍ പോക്സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. 

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മൂന്നര വയസുകാരിയുടെ മരണത്തില്‍ അമ്മയെ അറസറ്റ് ചെയ്യുന്നത്. ചെങ്ങമനാട് പൊലീസ് പരിധിയിലാണ് അമ്മയുടെ വീട്. പുത്തന്‍കുരിശ് മേഖലയിലാണ് അച്ഛനും ബന്ധുക്കളുമുള്ളത്. ഇന്നലെ കുട്ടിയുടെ അച്ഛന്റെ കുടുംബത്തിലെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതില്‍ മൂന്നുപേരെ ചോദ്യം ചെയ്തതില്‍ നിന്നും ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുഴയിലെറിഞ്ഞതിനെത്തുടര്‍ന്ന് ആന്തരികാവയവങ്ങളില്‍ വെള്ളം കയറിയാണ് കുഞ്ഞ് മരിച്ചതെങ്കിലും അതിനു പിന്നില്‍ മറ്റുചില ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്നാണ് ഡോക്ടര്‍ വ്യക്തമാക്കുന്നത്. മൂന്നര വയസുകാരി അതിഭീകരമായ ചില പ്രതിസന്ധികളിലൂടെയും ക്രൂരതകളിലൂടെയും കടന്നുപോയെന്നാണ് സൂചന. കൊലപാതകക്കേസ് മാത്രമായിരുന്നതില്‍ നിന്നും സംഭവത്തില്‍ പോക്സോ കേസ് കൂടി ചുമത്തപ്പെടുകയാണ്. 

ഇന്നലെ കസ്റ്റഡിയിലെടുത്ത അച്ഛന്റെ അടുത്ത സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ മറ്റ് വിവരങ്ങള്‍ ലഭ്യമാകുവെന്നാണ് അറിയാന്‍ സാധിക്കുന്നത്. പുത്തന്‍കുരിശ് പൊലീസ് പുതിയ കേസായി റജിസ്റ്റര്‍ ചെയ്താണ് ഇതില്‍ അന്വേഷണം നടത്തുക. കാക്കനാട് ജില്ലാ ജയിലിലുള്ള അമ്മയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഒരാഴ്ച്ച കസ്റ്റഡിയില്‍ വേണമെന്നാണ് ആലുവ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. 

ENGLISH SUMMARY:

The nature of the case involving the mother who threw her three-and-a-half-year-old daughter into the river in Ernakulam is changing. The investigation is now progressing based on crucial information provided by the doctor who conducted the child’s postmortem. With the Puthenkurish police taking the father's close friend into custody yesterday, it is becoming evident that the mother is not the only suspect in the case.