ശബരിമല സന്നിധാനത്ത് തീര്‍ഥാടക വാട്ടര്‍ കിയോസ്കില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചതില്‍ ആചാരസംരക്ഷണസമിതി കോടതിയിലേക്ക്. അനാസ്ഥ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് അയ്യപ്പസേവാ സംഘം പമ്പ പൊലീസില്‍ പരാതി നല്‍കി. രാഷ്ട്രപതി ദര്‍ശനത്തിന് വരാനിരുന്ന ദിവസത്തെ അപകടം ഗുരുതര സുരക്ഷാ വീഴ്ചയെന്നാണ് പരാതികള്‍.
തിങ്കളാഴ്ച രാത്രിയാണ് നീലിമലയില്‍ വാട്ടര്‍ കിയോസ്കില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് തെലങ്കാന സ്വദേശിനി ഭാരതാമ്മ മരിക്കുന്നത്. കിയോസ്ക് കെട്ടിവെച്ച ഇരുമ്പുതൂണില്‍ നിന്നാണ് ഷോക്കേറ്റത്. ലൈറ്റിനുള്ള വയര്‍ ഉരുകിയാണ് ഇരുമ്പ് തൂണിലേക്ക് വൈദ്യുതി എത്തിയത്. 19-ന് രാഷ്ട്രപതിയുടെ സന്ദര്‍ശനം ഉണ്ടാകുമെന്ന് അറിയിപ്പ് കിട്ടിയതോടെ സന്നിധാനത്തടക്കം സുരക്ഷാ പരിശോധന തുടങ്ങിയിരുന്നു. ഇന്ത്യ പാക് സംഘര്‍ഷത്തില്‍ ദര്‍ശനം റദ്ദാക്കിയതോടെ സുരക്ഷാ പരിശോധന നിലച്ചു.
സാധാരണ തീര്‍ഥാടകരുടെ സുരക്ഷ ദേവസ്വം ബോര്‍ഡോ, മറ്റ് വകുപ്പുകളോ പരിഗണിക്കുന്നില്ല എന്നാണ് അയ്യപ്പ സേവാ സംഘത്തിന്‍റെ ആരോപണം. വീഴ്ചവരുത്തിയവര്‍ക്കെതിരെ നരഹത്യാകേസ് എടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കഴിഞ്ഞ മണ്ഡലകാലത്ത് വടശേരിക്കരയില്‍ പൊട്ടിക്കിടന്ന വയറില്‍ നിന്ന് വൈദ്യുതാഘാതം ഏറ്റ് ഒരു തീര്‍ഥാടകന്‍ മരിച്ചിരുന്നു. ശബരിമല പാതയില്‍ സുരക്ഷാ പരിശോധന കൃത്യമായി നടക്കുന്നില്ല എന്നാണ് പരാതി.