kadakam

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതിയില്‍ കടകംപള്ളി സുരേന്ദ്രനെതിരെ പ്രാഥമിക അന്വേഷണം. കേസെടുക്കണോയെന്ന് പിന്നീട് തീരുമാനിക്കും. പരാതിക്ക് പിന്നില്‍ നീചമായ ഗൂഡാലോചനയെന്നും പിന്നിലുള്ളവരെ വെളിപ്പെടുത്തുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും മല്‍സരിക്കാനൊരുങ്ങുമ്പോള്‍ മറ്റൊരു അന്വേഷണത്തിന് കൂടി വിധേയനാവുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ പരാതി പ്രാഥമിക അന്വേഷണത്തിനായി ഡി.ജി.പി തിരുവനന്തപുരം കമ്മീഷണര്‍ക്ക് കൈമാറി. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാവും നടത്തുക. ആരോപണം ശരിയെന്ന് കണ്ടാല്‍ കേസെടുക്കും. ജയില്‍ മോചിതനായതിന് പിന്നാലെ തനിക്കെതിരെ കഴക്കൂട്ടം സ്വദേശിനി പ്രതിഭ നല്‍കിയ പരാതിക്ക് പിന്നില്‍ കടകംപള്ളിയുടെ ഗൂഡാലോചനയെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതി. പോറ്റി ഭൂമി തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രതിഭയുടെ പരാതി. എന്നാല്‍, ആരോപണം നിഷേധിച്ച കടകംപള്ളി വൈകാരികമായാണ് പ്രതികരിച്ചത്.

കഴക്കൂട്ടം സ്വദേശിനി പ്രതിഭയും താനും തമ്മിലുള്ള കേസില്‍ തുമ്പ പൊലീസ് സ്റ്റേഷനില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് കടകംപള്ളി സുരേന്ദ്രന്‍ മധ്യസ്ഥനായെന്നും പോറ്റി ആരോപിച്ചിരുന്നു. പ്രതിഭയെന്ന സ്ത്രീയേപ്പോലും അറിയില്ലെന്നാണ് കടകംപള്ളിയുടെ മറുപടി.

താന്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതും അഭിപ്രായ സര്‍വേകളില്‍ മുന്‍തൂക്കം ലഭിച്ചതുമാണ് ഇത്തരം ആരോപണങ്ങള്‍ ഇപ്പോള്‍ വരാന്‍ കാരണം. ഇതിന് പിന്നിലാരാണെന്ന് അറിയാമെന്നും വൈകാതെ വെളിപ്പെടുത്തുമെന്നും കടകംപള്ളി പറഞ്ഞു.

ENGLISH SUMMARY:

Sabarimala gold smuggling case accused Unnikrishnan Potty's complaint has led to a preliminary investigation against Kadakampally Surendran. The decision on whether to register a case will be made later, while Surendran alleges a 'mean conspiracy' behind the complaint and vows to reveal those involved.