സംസ്ഥാനത്തെ സ്മാര്‍ട് റോഡിന്‍റെ ക്രെഡിറ്റിനെ ചൊല്ലി മന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. ഉദ്ഘാടന പോസ്റ്ററുകളില്‍ നിന്ന് ഒഴിവാക്കിയതില്‍ തദ്ദേശ മന്ത്രി എം.ബി.രാജേഷ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. പണം ചെലവാക്കിയ തദ്ദേശ വകുപ്പിനെയും കോര്‍പറേഷനെയും ഒടുവില്‍ അവഗണിച്ചുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഭിന്നതയെ തുടര്‍ന്നാണ് സ്മാര്‍ട് റോഡ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നതെന്നാണ് സൂചനകള്‍.
സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ച് തിരുവനന്തപുരം നഗരത്തിലെ 12 റോഡുകളാണ് സ്മാർട് നിലവാരത്തിൽ പുനർനിർമിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് വെളിച്ചം 'ബ്രൈറ്റ് മോഡിൽ' ആണെങ്കിലും എതിർവശത്തെ വാഹന ഡ്രൈവർമാരുടെ കാഴ്ച മറയാത്ത തരത്തിൽ ഡിവൈഡറുകളിൽ ആന്റി ഗ്ലെയർ, വൈകിട്ട് 6 ന് തനിയെ ഓൺ ആകുകയും രാവിലെ 6ന് ഓഫ് ആകുകയും ചെയ്യുന്ന തെരുവു വിളക്കുകൾ, കാഴ്ചപരിമിതർക്കു പരസഹായം കൂടാതെ സഞ്ചരിക്കാൻ ടോക് ടൈൽസ് പാകിയ നടപ്പാതകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട് ആയ റോഡുകളില്‍ അട്ടക്കുളങ്ങര– കിള്ളിപ്പാലം, വെള്ളയമ്പലം – തൈക്കാട് റോഡുകളിലാണ് പുതിയ സംവിധാനങ്ങൾ കൂടുതലും ഉപയോഗിച്ചിട്ടുള്ളത്. മറ്റിടങ്ങളിൽ റോഡിന് വീതി കുറവായതിനാൽ ഇത്രയും സൗകര്യങ്ങൾ ഉണ്ടാകില്ല.
2019 ലാണ് സ്മാർട് റോഡുകളുടെ നിർമാണം ആരംഭിച്ചത്. 7 അടിയോളം താഴ്ചയിൽ കുഴിയെടുത്ത് ഡക്ടുകൾ നിർമിച്ചുള്ള നിർമാണ രീതി കാരണം ഒരു വർഷത്തോളം റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. എല്ലാ റോഡുകളുടെയും നിർമാണ കരാർ ഏറ്റെടുത്തത് ഒരു കമ്പനി മാത്രമായിരുന്നു. ആവശ്യത്തിന് തൊഴിലാളികളില്ലാതെ പണി ഇഴയുന്നതിനിടെ ഈ കരാറുകാരനെ മാറ്റി. ഇതോടെ കുഴിച്ച റോഡുകൾ മാസങ്ങളോളം അതേപടി കിടന്നു. നടക്കാൻ പോലും കഴിയാത്ത റോഡുകളിലൂടെ ദുരിത യാത്ര തുടർന്ന ജനം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ജനപ്രതിനിധികൾ ഇടപെട്ടു. ഓരോ റോഡിനും പ്രത്യേകം ടെൻഡർ ക്ഷണിച്ച് കരാർ നൽകിയ ശേഷം 2023 ലാണ് നിർമാണം പുനരാരംഭിച്ചത്.