ഇഡി ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കൈക്കൂലി കേസിൽ പ്രതികൾ ഭൂമി വാങ്ങിക്കൂട്ടിയതായി വിജിലൻസ്. പ്രതികൾ കൈക്കൂലിപ്പണം ഉപയോഗിച്ചതിന്‍റെ വിശദാംശങ്ങളാണ് വിജിലൻസിന് ലഭിച്ചത്. അതേസമയം, കേസിലെ ഒന്നാംപ്രതിയായ ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാറിനെതിരെ മതിയായി തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് വ്യക്തമാക്കി.
കേസുകൾ ഒതുക്കുന്നതിന്‍റെ പേരിൽ പലരിൽ നിന്നായി പ്രതികൾ 30 കോടി രൂപ തട്ടിയെടുത്തതായാണ് വിജിലൻസിന് വിവരം ലഭിച്ചത്. കൈക്കൂലി പണം ഉപയോഗിച്ച് വിവിധയിടങ്ങളിൽ പ്രതികൾ ഭൂമി വാങ്ങിക്കൂട്ടി. കേസിലെ പ്രതിയായ മുകേഷ് കുമാർ പറവൂർ പുത്തൻവേലിക്കരയിൽ ഒന്നര ഏക്കർ ഭൂമിയാണ് വാങ്ങിയത്. പ്രതികൾ പണം ചിലവഴിച്ചതിന്‍റെ വിശദാംശങ്ങൾ വിജിലൻസിന് ലഭിച്ചതായാണ് വിവരം.
അതേസമയം, കേസിലെ ഒന്നാംപ്രതിയായ ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാറിന് നോട്ടീസ് അയക്കുന്നത് വൈകും. മതിയായ തെളിവുകൾ ലഭിച്ച ശേഷം മാത്രം നോട്ടീസ് അയക്കാനാണ് വിജിലൻസിന്‍റെ തീരുമാനം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധന നടക്കുകയാണെന്നും, പരാതിക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശേഖർ കുമാറിനെ ഒന്നാംപ്രതി ആക്കിയതെന്നും വിജിലൻസ് എസ്പി എസ്.ശശിധരൻ പറഞ്ഞു. കേസുകൾ ഒതുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതികൾ പലരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും, വിശദമായ അന്വേഷണം നടത്തുമെന്നും വിജിലൻസ് വ്യക്തമാക്കി.