ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയ കശുവണ്ടി വ്യവസായിയെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്യാന്‍ ഇഡി. കൊട്ടാരക്കര സ്വദേശി അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് ഇഡി നീക്കം. അനീഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെയാണ് ഇഡി നീക്കം.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അനീഷിന് ഇഡി സമന്‍സ് അയച്ചിരുന്നു. ഇതിന് ശേഷം അനീഷ്ബാബു ഒളിവിലാണ്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് അനീഷിനെതിരെ ലുക്കൗട്ട് സര്‍ക്കുലറും ഇറക്കിയിട്ടുണ്ട്. കേസില്‍ അനീഷിന്‍റെ മാതാപിതാക്കളും പ്രതികളാണ്. ഇവരെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതതെളിഞ്ഞതോടെ ഇവരും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.
ഇഡി ഉദ്യോഗസ്ഥനെതിരെ കൈക്കൂലി പരാതി നല്‍കിയ കശുവണ്ടി വ്യവസായിയുടെ മുഴുവന്‍ സ്വത്തുക്കളും മുന്‍പ് ഇഡി കണ്ടുകെട്ടിയിരുന്നു. അനീഷ് ബാബുവിന്‍റെ വീടും ഫാക്ടറികളുമടക്കം അഞ്ചരക്കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുക്കെട്ടിയത്. കശുവണ്ടി വ്യവസായത്തിന്‍റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് അനീഷ് ബാബുവിനെതിരെ ഇഡി നാല് വര്‍ഷം മുന്‍പ് കേസെടുത്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയെന്ന അനീഷിന്റെ പരാതിയിൽ വിജിലന്‍സെടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ ഒന്നാംപ്രതിയായ കേസില്‍ ഇടനിലക്കാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.