nh-more-et
  • മിണ്ടാതെ പൊതുമരാമത്ത് മന്ത്രി
  • രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം
  • കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് ഇ.ടി.മുഹമ്മദ് ബഷീര്‍

സംസ്ഥാനത്ത് നിര്‍മാണം പുരോഗമിക്കുന്ന  ദേശീയപാതയില്‍ വ്യാപക വിള്ളല്‍. ഇന്നും ഇന്നലെയുമായി തൃശൂര്‍,മലപ്പുറം,കാസര്‍കോട് ജില്ലകളിലായി അഞ്ചിടത്താണ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ കൂരിയാടും, തലപ്പാറയ്ക്കും പുറമെ എടരിക്കോട് മമ്മാലിപടിയിലും ചെറുശാലയിലും ഇന്ന് വിള്ളൽ കണ്ടെത്തി. നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്തെ മേൽപ്പാലത്തിന് മുകളിലാണ് 50 മീറ്ററിലേറെ നീളത്തിൽ വിള്ളൽ കണ്ടെത്തിയത്. കാസർകോട് കാഞ്ഞങ്ങാട്ടും ദേശീയപാതയിൽ  മാവുങ്കാലിൽ റോഡിന്‍റെ മധ്യത്തിലായാണ് വിള്ളൽ രൂപപ്പെട്ടത്. 

അതേസമയം, ദേശീയപാത ഇടിഞ്ഞുതാണതില്‍ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കരാറുകാരന്‍  കെ.എന്‍.റെഡ്ഡിയെ വിലക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ഐ.ഐ.ടി വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി പരിശോധിക്കുമെന്നും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതിനിടെ ദേശീയപാതയിലെ തകര്‍ച്ച ആയുധമാക്കി പ്രതിപക്ഷം. പാത തകര്‍ന്ന മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ കരാര്‍ കമ്പനിയുടെ ഓഫീസ് അടിച്ചുതകര്‍ത്തു.  അശാസ്ത്രീയ നിര്‍മാണമാണ്  തകര്‍ച്ചയ്ക്ക് പിന്നിലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തേഞ്ഞിപ്പലത്തെ കരാര്‍ കമ്പനി ഓഫിസിലെ കസേര അടക്കമുള്ളവ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു.  പ്രവര്‍ത്തകരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളവും ചെളിയും കയറിയ കണ്ണൂര്‍ തളിപ്പറമ്പില്‍ സ്ത്രീകളടക്കമുള്ളവര്‍ ഇറങ്ങി പ്രതിഷേധിച്ചു. വിള്ളല്‍ രൂപപ്പെട്ട തൃശൂര്‍ ചാവക്കാട് മണത്തലയിൽ കോൺഗ്രസ് പ്രവർത്തകരും ദേശീയപാത ഉപരോധിച്ചു. 

മൂന്നുദിവസത്തിനിടയില്‍ അഞ്ചിടത്ത് പാത പൊളിഞ്ഞിട്ടും പൊതുമരാമത്ത് മന്ത്രി പ്രതികരിക്കാനോ സ്ഥലം സന്ദര്‍ശിക്കാനോ തയാറായിട്ടില്ല.  എന്നാല്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ പൊതുമരാമത്ത് വകുപ്പ് ഇടപെടുമെന്നാണ് മന്ത്രി വി. അബ്ദുറഹ്മാന്‍ പ്രതികരിച്ചത്.

ENGLISH SUMMARY:

Widespread cracks were discovered at five locations on Kerala’s under-construction national highway, including Thrissur, Malappuram, and Kasaragod. MP E.T. Mohammed Basheer confirmed that Union Minister Nitin Gadkari assured action against the contractor and promised an expert probe.