alli-sandhya

കുഞ്ഞുങ്ങളെ സന്ധ്യ നേരത്തേ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അമ്മ അല്ലിയുടെ വെളിപ്പെടുത്തല്‍. വൈകാരിക അസ്ഥിരത ഉണ്ടായിരുന്ന വ്യക്തിയായിരുന്നു സന്ധ്യ. ദേഷ്യം വരുമ്പോള്‍ കുട്ടികളെ മര്‍ദിക്കുന്നത് പതിവാണെന്നും അമ്മ പറയുന്നു. കല്യാണിയുള്‍പ്പെടെ രണ്ട് കുട്ടികളാണ് സുഭാഷിനും സന്ധ്യയ്ക്കും. കല്യാണിയുടെ ചേട്ടന്‍ ആറാംക്ലാസ് വിദ്യാര്‍ഥിയാണ്.  കുട്ടികള്‍ക്കെതിരായ പ്രകോപനം മുന്‍പും പലതവണ ഉണ്ടായിട്ടുണ്ട്. ഭര്‍തൃവീട്ടിലെ സമാധാനമില്ലായ്മയും സന്ധ്യയുടെ പെരുമാറ്റത്തിനു കാരണമായിരിക്കാമെന്നാണ് അമ്മ പറയുന്നത്. 

ദേഷ്യം വരുമ്പോള്‍ സന്ധ്യ മക്കള്‍ക്കുനേരെ കല്ലെടുത്തെറിയും,  നന്നായി ഉപദ്രവമേല്‍പ്പിക്കുമായിരുന്നുവെന്ന് അല്ലി പറയുന്നു. സന്ധ്യയുടെ ഭര്‍ത്താവ് സുഭാഷുമായുണ്ടായ പ്രശ്നങ്ങളും സന്ധ്യയെ പ്രകോപിതയാക്കാറുണ്ട്. ഭര്‍തൃവീട്ടിലെ പ്രശ്നങ്ങള്‍ കടുത്ത മാനസികപ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും അല്ലി പറയുന്നു. സുഭാഷിന്റെ വീട്ടുകാര്‍ സന്ധ്യയെ മാനസികരോഗ വിദഗ്ധനെ കാണിച്ചിട്ടുണ്ടെന്നും വലിയ മാനസികപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും അല്ലി. 

ആലുവ മൂഴിക്കുളം പാലത്തിനടിയില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ മൂന്നര വയസുകാരി കല്യാണിയുടെ മൃതദേഹം കണ്ടെടുത്തത്.  മറ്റക്കുഴി സ്വദേശിയായ സുഭാഷിന്‍റെ ഭാര്യ സന്ധ്യയാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നത്. സന്ധ്യയ്​ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ മറ്റക്കുഴിയിലെ അങ്കണവാടിയിലെത്തി സന്ധ്യ തന്നെയാണ് കുട്ടിയെ കൂട്ടിക്കൊണ്ട് പോന്നത്. മറ്റക്കുഴിയില്‍ നിന്ന് ഓട്ടോയില്‍ കയറി തിരുവാങ്കുളത്തെത്തിയ ഇവര്‍ അവിടെ നിന്നും ആലുവ ബസില്‍ കയറി. ബസില്‍ വച്ച് കുട്ടിയെ കാണാതായി എന്നായിരുന്നു സന്ധ്യയുടെ ആദ്യ മൊഴി. ഇതനുസരിച്ച് ആലുവ മുഴുവന്‍ പൊലീസ് അരിച്ചു പെറുക്കി. 

കുഞ്ഞിനെ പക്ഷേ കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് മൂഴിക്കുളം പാലത്തില്‍ നിന്ന് താന്‍ കുഞ്ഞിനെ താഴേക്കിട്ടെന്ന സന്ധ്യയുടെ വെളിപ്പെടുത്തല്‍ വന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മൂഴിക്കുളം പാലത്തിലേക്ക് കുഞ്ഞുമായി സന്ധ്യ പോകുന്നത് സ്ഥിരീകരിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍. ഇതിനിടയില്‍ കുടുംബ പ്രശ്നങ്ങള്‍ സന്ധ്യയ്ക്കുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെ കേസില്‍ ദുരൂഹതയുമേറി. വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെ സന്ധ്യ കുറ്റം സമ്മതിച്ചു. വൈകിട്ട് ആറുമണിയോടെയാണ് സന്ധ്യ കുഞ്ഞിനെ പാലത്തില്‍ നിന്നും താഴേക്കെറിഞ്ഞത്. 

അങ്കണവാടിയില്‍ നിന്ന് വിളിച്ചു കൊണ്ടുവന്ന മകളുമായി മറ്റക്കുഴിയിലെ  വീട്ടിലേക്ക് പോകാതെ സന്ധ്യ പോയത് ആലുവയിലേക്കാണ്. കുറുമശേരിയിലാണ് സന്ധ്യയുടെ വീട്. ഇവിടേക്ക് പോകുന്ന വിവരം ആരോടും പറഞ്ഞിരുന്നതുമില്ല. ആറുമണിയോടെ കുഞ്ഞിനെ പാലത്തില്‍ നിന്നും പുഴയിലേക്കെറിഞ്ഞ സന്ധ്യ വീട്ടിലെത്തി അവിടെ ഇരുന്നു. ഏഴുമണിയോടെ സന്ധ്യയുടെ അമ്മ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞെവിടെ എന്ന് തിരക്കി. ഇതോടെയാണ് കുഞ്ഞിനെ ആലുവയില്‍ വച്ച് കാണാതെ പോയെന്ന് പറയുന്നത്. അമ്മയും ബന്ധുക്കളും ആവര്‍ത്തിച്ച് ചോദിച്ചതോടെ സന്ധ്യ പരസ്പര വിരുദ്ധമായി സംസാരിക്കാന്‍ തുടങ്ങി. ഇതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ENGLISH SUMMARY:

"When she got angry, Sandhya would throw stones at the children and hit her own chest with stones, causing herself harm," says Alli. She adds that issues with Sandhya's husband Subhash also used to provoke her. According to Alli, the problems in her husband's house had led to severe mental distress for Sandhya.