‘മാലമോഷണക്കേസില്‍ പിടികൂടാന്‍ ചെന്നപ്പോള്‍ എന്റെ ഭാര്യയുടെ നിറം പൊലീസ് ശ്രദ്ധിച്ചു കാണും, ആ ഇവള്‍ പട്ടികജാതിക്കാരിയാണ്, ചോദിക്കാനും പറയാനും ആരുമില്ലെന്ന് ബോധ്യപ്പെട്ടുകാണും’, നീറിനീറി വേദന തിന്ന ഒരു ഭര്‍ത്താവിന്റെ വാക്കുകളാണിത്, വ്യാജ മാലമോഷണ കേസിൽ കുടുക്കപ്പെട്ട ദലിത് സ്ത്രീ ബിന്ദുവിന്റെ ഭര്‍ത്താവിന്റെ വാക്കുകള്‍. പൊലീസിന്റെ ക്രൂരത ആവോളം അറിഞ്ഞു, മോഷ്ടിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും സമ്മതിച്ചില്ല, പട്ടിയ്ക്കായാലും നമ്മള്‍ വെള്ളം കൊടുക്കില്ലേ, വെള്ളം ചോദിച്ചപ്പോള്‍ ബാത്റൂമില്‍ പോയി കുടിക്കാന്‍ പറഞ്ഞ പൊലീസുകാരന്റെ മാനസികാവസ്ഥ എന്തായിരിക്കും? കൊലപാതകം ചെയ്ത പ്രതികള്‍ക്കുപോലും ചിക്കനും പൊറോട്ടയുമാണ് നല്‍കുന്നത്, ഒന്നും ചെയ്യാതെ കള്ളക്കേസില്‍ കുടുക്കപ്പെട്ട ബിന്ദുവിന് വെള്ളമോ ഭക്ഷണമോ നല്‍കാത്തതിന്റെ വേദനയും പ്രതിഷേധവും ഇദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്.
അമ്മ എന്നുംവരുന്ന നേരത്ത് വരാതായതോടെ ആകെ പേടിച്ചെന്നും ബസ് കിട്ടിയില്ലെന്നാണ് കരുതിയതെന്ന് ബിന്ദുവിന്റെ പെണ്‍മക്കള്‍ പറഞ്ഞു. ഏറെ നേരം കഴിഞ്ഞപ്പോള്‍ കുറച്ചുപേര് വന്നു, അമ്മ മാല മോഷ്ടിച്ചെന്നു പറഞ്ഞു, ചങ്കുപൊട്ടി കരഞ്ഞെന്നും അമ്മയെ കള്ളിയാക്കിയപ്പോള്‍ ആകെ വേദനിച്ചെന്നും മക്കള്‍ പറയുന്നു. അമ്മയെ ഉപദ്രവിച്ച പൊലീസുകാരുടെ ജോലിയില്ലാതാക്കണമെന്നും മക്കള്‍ പറയുന്നു.
അതേസമയം തങ്ങളെ ക്രൂര പീഡനങ്ങൾക്ക് വിധേയരാക്കിയ രണ്ട് പൊലീസുകാരെ കൂടി സർവീസിനു പുറത്താക്കണമെന്ന് വ്യാജ മാലമോഷണ കേസിൽ കുടുക്കപ്പെട്ട ദലിത് സ്ത്രീ ബിന്ദുവും കുടുംബവും. ബാത്റൂമിൽ നിന്ന് വെള്ളം കുടിക്കാൻ പറഞ്ഞ, ഏറ്റവും കൂടുതൽ ഉപദ്രവിച്ച പ്രസന്നൻ എന്ന പൊലീസുകാരനെ സ്ഥലം മാറ്റി സംരക്ഷിക്കുകയാണെന്നും ബിന്ദു പറഞ്ഞു. മാല എങ്ങനെയാണ് കാണാതായതെയന്നും ആരാണ് മാറ്റിയതെന്നും അന്വേഷിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു.
വ്യാജമാലമോഷണക്കേസിൽ പരാതിക്കാരി ഓമന ഡാനിയലിനും കുടുംബത്തിനുമെതിരെ ബിന്ദു. മാല കാണാതായത് എങ്ങനെയെന്നും ആര് എടുത്തെന്നും അന്വേഷിക്കണം. ഓമന ഡാനിയലിന്റെ മകളെ സംശയമുണ്ടെന്നും നാളെ കമ്മിഷണർക്ക് പരാതി നല്‍കുമെന്നും ബിന്ദു പറഞ്ഞു.
അതേസമയം, ബിന്ദുവിനെ വ്യാജമോഷണ കേസിൽ കുടുക്കി പീഡിപ്പിച്ചതിൽ കൂടുതൽ പോലീസുകാർ കുറ്റക്കാർ. തിരുവനന്തപുരം കന്റോൺമെൻറ് അസിസ്റ്റൻറ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് സസ്പെൻഷൻ ആയ എസ്ഐക്ക് പുറമേ രണ്ടു പോലീസുകാരുടെ കൂടി വീഴ്ച വ്യക്തമായത്. അനധികൃതമായി കസ്റ്റഡിയിലെടുത്ത ബിന്ദുവിനെ ചോദ്യം ചെയ്യുകയും രാത്രിയിൽ തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്ത രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂടി നടപടി ഉണ്ടാകും.
മോഷണക്കേസിലെ നടപടിക്രമങ്ങൾ ലംഘിച്ചന്ന് മാത്രമല്ല മോശമായി പെരുമാറി എന്നും ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായി. അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം ഇന്ന് നടപടി ഉണ്ടായേക്കും. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയപ്പോൾ മോശം പെരുമാറ്റം ഉണ്ടായി എന്ന ആക്ഷേപത്തിൽ അന്വേഷണത്തിന് സാധ്യതയില്ല. ഡിജിപിക്ക് നൽകിയ പരാതിയിൽ തുടർനടപടി വൈകിയതിലും ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.