മക്കൾ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കേണ്ട അമ്മയുടെ കരങ്ങളാൽ കൊല്ലപ്പെട്ട മൂന്നരവയസുകാരി കല്യാണിയ്ക്ക് വിട. തിരുവാണിയൂർ ശാന്തിതീരത്ത് പ്രിയപ്പെട്ടവരുടെ അന്ത്യചുംബനവും ഏറ്റ് അവളുടെ മടക്കം. നാട്ടുകാരും ബന്ധുക്കളും കല്യാണിയുടെ കൂട്ടുകാരും അന്ത്യാഞ്ജലിയർപ്പിച്ചു.
കൂട്ടിരുപ്പുകാരില്ലാതെ, ആരാരുമില്ലാതെ മടക്കം. വീട്ടിൽ കല്യാണിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ അവളെ അറിയുന്നവരും, അറിയാത്തവരും വിതുമ്പി നിന്നു. നോവിന്‍റെ കഥകൾ അവരെല്ലാം ഉരുവിട്ടു. പൊട്ടിക്കരഞ്ഞു. നൊന്തു കേണു. വിതുമ്പാത്ത മിഴികളുണ്ടായിരുന്നില്ല. ഒന്നര മണിക്കൂർ വീട്ടിൽ പൊതു ദർശനം. തുടർന്ന് ശ്മശാനത്തിലേയ്ക്ക്. ആ കുഞ്ഞുപെങ്ങൾക്കരുകിലിരുന്ന സഹോദരന്‍റെ ഉള്ളു നീറി. വിടരാതടർന്ന ആ പെൺകുട്ടിയ്ക്ക് അച്ഛന്‍റെ സ്നേഹ ചുംബനം. രാവിലെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ നിന്ന് മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം. പിന്നെ അച്ഛന്‍റെ ബന്ധുക്കൾക്ക് വിട്ടുനൽകി.