ആലുവയില്‍ മകളെ പുഴയില്‍ എറിഞ്ഞു കൊന്ന അമ്മയ്ക്ക് മാനസിക വെല്ലുവിളിയില്ലെന്ന് പൊലീസ്. കടുത്ത ആത്മവിശ്വാസക്കുറവ് ഇവര്‍ക്കുണ്ടെന്നും മക്കളുടെ കാര്യം നോക്കാനുള്ള പ്രാപ്തിക്കുറവുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. മക്കളെ കൊലപ്പെടുത്താന്‍ ഇവര്‍ മുന്‍പും ശ്രമിച്ചിട്ടുണ്ടെന്ന മൊഴികളും അന്വേഷണ സംഘം തള്ളി. നാലുവയസുകാരി മകള്‍ നിരന്തരം വീടിനുള്ളില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. പീഡന വിവരം ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടും ഒരു പ്രതികരണവുമില്ലാതെ നിസംഗതയോടെയാണ് അമ്മ ഇക്കാര്യം കേട്ടത്. അമ്മയെ ചോദ്യം ചെയ്യുന്നത് തുടരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഭര്‍തൃവീട്ടുകാരോടുള്ള ദേഷ്യം പ്രതികാരമായി മാറിയെന്നും അതിനാലാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നതെന്നുമുള്ള മൊഴി അമ്മ ആവര്‍ത്തിച്ചു. കുഞ്ഞിനെ ഉപേക്ഷിക്കാനും പദ്ധതിയിട്ടിരുന്നുവെന്നും ഇതിന് വേണ്ടിയാണ് ആലുവ മണപ്പുറത്തേക്ക് പോയതെന്നും പൊലീസ് സംശയിക്കുന്നു. ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് കൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു. അതേസമയം വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച അടുത്ത ബന്ധുവിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം ഇന്ന് അപേക്ഷ നൽകിയേക്കും. ഇയാളെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
കുഞ്ഞ് താമസിച്ച ചെറിയ വീട്ടില്‍ മാതാപിതാക്കള്‍ക്കു പുറമേ ഏകസഹോദരനും ഉണ്ടായിരുന്നെങ്കിലും കുടുംബത്തിലെ പ്രശ്നങ്ങള്‍ കാരണം കുട്ടികള്‍ രണ്ടുപേരും പലപ്പോഴും തൊട്ടടുത്തുള്ള കുടുംബവീട്ടിലാണ് തങ്ങിയിരുന്നത്. മുത്തച്ഛനും മുത്തശ്ശിക്കും പുറമേ പിതാവിന്റെ അവിവാഹിതരായ രണ്ടു സഹോദരന്‍മാരാണ് അവിടെ താമസിച്ചിരുന്നത്. സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നതിനാല്‍ പുത്തന്‍കുരിശ് പൊലീസിനു പ്രതിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യംചെയ്യാനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചടങ്ങുകള്‍ക്കു ശേഷം പ്രതി കടന്നുകളയുന്നത് തടയാന്‍ എല്ലാ മുന്‍ കരുതലുകളും പൊലീസ് സ്വീകരിച്ചിരുന്നു. മാതാവിനേയും പ്രതിയേയും കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ ഈ കേസില്‍ ഇനിയും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പുറത്തുവരാനുള്ള സാധ്യത അന്വേഷണസംഘം തള്ളിക്കളയുന്നില്ല.