അമ്മയുടെ ആ ഒരു വാക്കാണ് ആലുവയില്‍ കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്ന കേസിന്‍റെ ഗതിമാറ്റിയത്. ഒരാളെയായിരുന്നു കുഞ്ഞിനേറ്റവും പ്രിയം എന്നായിരുന്നു ചോദ്യം ചെയ്യലില്‍ അമ്മ വെളിപ്പെടുത്തിയത് . പ്രിയമെന്ന വാക്ക് ഇഴകീറി പരിശോധിച്ചപ്പോള്‍ പൊലീസിന് കാര്യങ്ങളും വ്യക്തമായി. ആദ്യഘട്ടത്തില്‍ മുന്നുപേരെയാണ് ചോദ്യം ചെയ്തത് . അവരില്‍ രണ്ടുപേരെ വിട്ടു. ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളയാളായിരുന്നു മുന്നാമന്‍. തലങ്ങും വിലങ്ങും ചോദ്യം ചെയ്തെങ്കിലും ആദ്യഘട്ടത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചില്ല. ഒടുവില്‍ തെളിവുകളും മൊഴികളും നിരത്തിയതോടെ പൊലീസിനു മുന്നില്‍ ഇയാള്‍ കുറ്റം ഏറ്റുപറഞ്ഞു.
രക്തബന്ധം മുതലെടുത്ത് വീട്ടിനുള്ളില്‍വച്ച് ആ പിഞ്ചുകുഞ്ഞിനെ അയാള്‍ പിച്ചിച്ചീന്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മരിക്കുന്നതിന് തലേദിവസവും കുട്ടി ക്രൂരമായ പീഡനത്തിനിരയായി. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞയുടന്‍ തന്നെ ഡോക്ടര്‍ റൂറല്‍ എസ്പിയെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. ഉടന്‍ തന്നെ റൂറല്‍ എസ്പി ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി . അമ്മയെ ചെങ്ങമനാട്ടേക്ക് കൊണ്ടുവന്നു ചോദ്യം ചെയ്തു. ആ ചോദ്യം ചെയ്യലിനിടെയായിരുന്നു പ്രതിയാരെന്ന് പൊലീസിനു ബോധ്യപ്പെട്ടത്.
വാത്സല്യം കൊടുക്കേണ്ട കൈകള്‍ തന്നെ ആ കുഞ്ഞിനെ ജീവച്ഛവമാക്കി. കുഞ്ഞിനെ കൊലപ്പെടുത്തിയതിന്‍റെ കാരണം എന്താണെന്ന് ഇപ്പോഴും അമ്മ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇത്രയും പീഡനം നേരിടുന്ന മകളെ അമ്മ കൊണ്ടുപോയി കൊലപ്പെടുത്തിയെങ്കില്‍ അതിനു പിന്നിലും ഒരു കാരണം കാണുമെന്നാണ് പൊലീസ് കരുതുന്നത്. കുഞ്ഞിന്‍റെ സംസ്കാരസമയത്ത് മൃതദേഹത്തോട് ചേര്‍ന്നുനിന്നു വാവിട്ടു കരഞ്ഞ വ്യക്തി തന്നെയാണ് അവളെ ഇല്ലാതാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. തനിക്കൊരു അബദ്ധം പറ്റിപ്പോയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ഭര്‍തൃവീട്ടില്‍ അമ്മ പീഡനത്തിനു ഇരയായി എന്ന് കഴിഞ്ഞ ദിവസം മുത്തശ്ശി പറഞ്ഞതുകൂടി വായിച്ചെടുത്താല്‍ അരുതാത്ത പല കാര്യങ്ങളും ആ വീട്ടില്‍ നടന്നുവെന്നുവേണം മനസിലാക്കാന്‍. കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് കുട്ടിയെ അമ്മ അങ്കണവാടിയില്‍ നിന്നും കൂട്ടിക്കൊണ്ടു പോയത്. ആലുവ കുറുമശേരിയിലെ വീട്ടിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെങ്കിലും ആലുവയിലെത്തിയ ശേഷം പുഴയിലേക്ക് എറിയുകയായിരുന്നു. തുടര്‍ന്ന് കുറുമശേരിയിലെ സ്വന്തം വീട്ടിലെത്തിയ യുവതിയോട് അമ്മ കുഞ്ഞിനെ തിരക്കിയപ്പോള്‍ ബസില്‍ വച്ച് കാണാതായെന്നായിരുന്നു മറുപടി. പരസ്പര വിരുദ്ധമായ മൊഴികളെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാലത്തില്‍ നിന്നുമെറിഞ്ഞുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് എട്ടര മണിക്കൂറോളം പുഴയില്‍ തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.