പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയതിനു ഹരിയാനയില്‍ നിന്നും അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര മൂന്നുമാസം മുന്‍പ് കേരളത്തിലെത്തിയതായി റിപ്പോര്‍ട്ട്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകള്‍ പശ്ചാത്തലമാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതായും സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി. കൊച്ചിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍, വാട്ടര്‍ മെട്രോ എന്നിവിടങ്ങളില്‍ നിന്നെല്ലാം ദൃശ്യങ്ങള്‍ പകര്‍ത്തുകയും സെല്‍ഫിയെടുക്കുകയും ചെയ്തു.
മൂന്നാര്‍, തൃശൂര്‍ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, കണ്ണൂര്‍,കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ജ്യോതിയെത്തി. വ്ലോഗുകളില്‍ ഈ യാത്രയുടെയെല്ലാം ദൃശ്യങ്ങള്‍ വ്യക്തമാണ്. പാക്ക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തിയെന്നതും ഡല്‍ഹിയിലെ പാക് ഉദ്യോഗസ്ഥനുമായി ബന്ധം സ്ഥാപിച്ചുവെന്നതുമാണ് ജ്യോതിയെ അറസ്റ്റുചെയ്യാന്‍ കാരണമായത്.
യുട്യൂബില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട് ജ്യോതിയ്ക്ക്. കൊച്ചിയില്‍ നിന്നുള്ള വിഡിയോകള്‍ അരമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ളവയും യാത്രാനുഭവം പങ്കുവയ്ക്കുന്നവയുമാണ്. ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, എന്നിവിടങ്ങളെക്കുറിച്ച് പറഞ്ഞ ശേഷമാണ് കൊച്ചിന്‍ ഷിപ്‌യാര്‍ഡിനെക്കുറിച്ച് സംസാരിക്കുന്നത്. മൂന്നാര്‍, അതിരപ്പിള്ളി യാത്രയുടെ രണ്ട് വിഡിയോകളാണ് കാണാനാവുക. ഇരവികുളം, തേക്കടി, ആലപ്പുഴ ഹൗസ് ബോട്ട് യാത്ര, കോവളം, ജടായുപ്പാറ, വര്‍ക്കല എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് മറ്റൊരു വ്ലോഗ്.
കണ്ണൂരില്‍ നിന്നും തൃശൂരിലേക്കുള്ള യാത്രാവിവരണവും വ്ലോഗിലുണ്ട്. ജ്യോതിയുടെ യാത്രയുടെ വിവരങ്ങള്‍ സമഗ്രമായി ശേഖരിച്ച് അന്വേഷിക്കുകയാണ് സ്പെഷ്യല്‍ ബ്രാഞ്ച്. അതേസമയം ചാരപ്പണിക്കേസില്‍ ഇന്നലെ മൂന്നുപേരെക്കൂടി അറസ്റ്റ് ചെയ്തു. ഇതോടെ രണ്ടാഴ്ച്ചക്കിടെ പിടിയിലായത് പന്ത്രണ്ടു പേരാണ്. ഇതില്‍ ജ്യോതി ഉള്‍പ്പെടെ രണ്ടുപേര്‍ സ്ത്രീകളാണ്.