tirurangadi-national-highway-collapse

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താഴ്ന്നു ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു.  അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു. കോഴിക്കോട് നിന്നും പൊന്നാനി ഭാഗത്തേക്കുള്ള സര്‍വീസ് റോഡും ആറു വരിപാതയുമാണ് ഉച്ചയ്ക്ക് 2.45 ന് ഇടിഞ്ഞു വീണത്. 

വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച രണ്ട് കാറുകളടക്കം മൂന്നു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളടക്കം കാറിലുണ്ടായിരുന്ന നാലുപേരെ നിസാര പരുക്കുകളോടെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അപകടത്തിനു പിന്നാലെ മണിക്കൂറുകളോളം ഗതാഗത കുരുക്ക് ഉണ്ടായി. നിര്‍മാണത്തിലെ അപാകതയാണ് റോഡ് ഇടിഞ്ഞുതാഴാനുള്ള കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പൂര്‍ണമായും പാത ഉപരോധിച്ചു.

പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ കുടുങ്ങിയ യാത്രക്കാര്‍ പ്രതിഷേധവുമായെത്തി. തഹസില്‍ദാര്‍ എത്തി നടത്തിയ ചര്‍ച്ചയിലാണ് പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ തലപ്പാറ– മമ്പുറം ബൈപാസിലൂടെയും കോഴിക്കോടേക്കുള്ള വാഹനങ്ങള്‍ കക്കാടിയില്‍ നിന്നും മമ്പുറം ബൈപാസ് വഴിയും കടന്നുപോകണമെന്നാണ് നിര്‍ദേശം. വിഷയം ചര്‍ച്ച ചെയ്യാനായി നാളെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ സര്‍വ്വകക്ഷിയോഗം ചേരും. 

ENGLISH SUMMARY:

A portion of the national highway at Kuriyad in Tirurangadi collapsed onto the service road below, causing two cars to fall into the resulting pit. Fortunately, the passengers escaped with only minor injuries. A JCB machine used for construction also fell into the pit. Local residents began protesting after officials failed to arrive at the scene even hours after the incident.