പി.ശശി, ബിന്ദു
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പൊലീസ് പീഡനം സംബന്ധിച്ച തന്‍റെ പരാതി അവഗണിച്ചെന്ന് മോഷണക്കുറ്റം ആരോപിച്ച് കള്ളക്കേസില്‍ കുടുക്കിയ ദളിത് സ്ത്രീ ബിന്ദു. പരാതി ഒന്നു നോക്കാന്‍ പോലും ശശി തയാറായില്ല. സ്റ്റേഷനില്‍ പ്രസന്നന്‍, പ്രസാദ് എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് ഏറെ ബുദ്ധിമുട്ടിച്ചത്. നാട് വിട്ട് പോകാന്‍ എസ്ഐ പ്രസാദ് ആവശ്യപ്പെട്ടെന്നും ബിന്ദു പറഞ്ഞു. മനോരമ ന്യൂസ് വാര്‍ത്തയിലൂടെയാണ് തന്‍റെ അവസ്ഥ പുറംലോകം അറിഞ്ഞതെന്നും വാര്‍ത്ത വന്നതിനുശേഷം നടപടിയുണ്ടായെന്നും ബിന്ദു പറഞ്ഞു.
മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് ബിന്ദുവിനെ ഉപദ്രവിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അതാകട്ടെ പീഡനം നടന്ന് ഇരുപത്തിയഞ്ചാം ദിവസവും. ദളിത് സ്ത്രീയെ മോഷണമാരോപിച്ച് 20 മണിക്കൂര്‍ അനധികൃതമായി കസ്റ്റഡിയില്‍ വച്ചതും അന്വേഷണ പരിധിയില്‍ വരും. .തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് എ.സി.പിയും സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം നടത്തും. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ ഇപ്പോഴും ജോലിയില്‍ തുടരുകയാണ്.
ബിന്ദുവിനെതിരായ വ്യാജമോഷണപരാതിയില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു
സംസ്ഥാനത്തെ പൊലീസ് ഭരണത്തിന്‍റെ നേര്‍സാക്ഷ്യമാണ് ബിന്ദുവിന്‍റെ അനുഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിക്കെതിരെയുള്ള പൊലീസ് ക്രൂരതയിൽ വകുപ്പുതല അന്വേഷണം നടത്തുന്നുണ്ടെന്ന് പട്ടിക ജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ബിന്ദുവിന് ദുരനുഭവം ഉണ്ടായ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.