ആലുവയിൽ മൂന്നു വയസ്സുള്ള പെൺകുട്ടി കല്യാണിയെ കാണാതായ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കുട്ടി പിങ്ക് ഉടുപ്പും നീല ജീൻസുമാണ് ധരിച്ചിരുന്നത്. അമ്മയുടെ മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്ന് പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ആദ്യം ആലുവ ഭാഗത്ത് വെച്ച് കുട്ടിയെ കാണാതായെന്ന് പറഞ്ഞ അമ്മ, പിന്നീട് മൊഴി മാറ്റി കുറുമശ്ശേരി മൂഴിക്കുളത്ത് പുഴയുടെ ഭാഗത്ത് ഉപേക്ഷിച്ചെന്ന് പൊലീസിനോട് പറഞ്ഞു. ഇതിനെ തുടർന്ന് ആലുവ മൂഴിക്കുളം ഭാഗത്ത് പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. അമ്മ പറയുന്ന സ്ഥലങ്ങളെല്ലാം പൊലീസ് അരിച്ചുപെറുക്കുകയാണ്.
അമ്മയുടെ മൊഴി അനുസരിച്ച്, ഉച്ചയ്ക്ക് 3.30ന് മറ്റക്കുഴിയിലെ അങ്കണവാടിയിൽ നിന്ന് കല്യാണിയെ വിളിച്ചതിന് ശേഷം തിരുവാങ്കുളത്തുകൂടി ആലുവയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തിരുവാങ്കുളത്തുകൂടി കുട്ടിയുമായി അമ്മ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പുതിയ വിവരങ്ങൾ അനുസരിച്ച്, മൂഴിക്കുളത്ത് ബസിറങ്ങിയ ശേഷം അമ്മ പുഴയുടെ ഭാഗത്തേക്ക് തനിച്ചു നടന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്. കുറുമശ്ശേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോയെന്നും അവർ പറഞ്ഞു. എന്നാൽ, വാഹനത്തിൽ കയറുമ്പോൾ കുട്ടി കൂടെ ഉണ്ടായിരുന്നില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവർ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. ഇതോടെ, മാള-ആലുവ റൂട്ടിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9744342106 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.