നെടുമ്പാശ്ശേരിയിൽ യുവാവിനെ കാർ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് സിഐഎസ്എഫുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം. കൊല്ലപ്പെട്ട ഐവിൻ ജിജോയെ ഗുണ്ടയായി ചിത്രീകരിക്കാനാണ് ശ്രമം. ഐവിന്‍റെയും സംഘത്തിന്‍റെയും ആക്രമണം പ്രതിരോധിക്കുന്നതിനിടെ അറ്റകൈയ്ക്ക് പറ്റിപ്പോയതാണെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.
യുവാവിനെ കാറിടിച്ചു വീഴ്ത്തി ദാരുണായി കൊലപ്പെടുത്തിയവരെ ന്യായീകരിക്കുന്ന ഓഡിയോ സന്ദേശമാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഐവിന്‍ കൊലചെയ്യപ്പെട്ടത് . സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെട്ട ഐവിനെ കാറിടിച്ചു വീഴ്ത്തി. ഗുരുതര പരുക്കുകളോട ബോണറ്റില്‍ വീണ ഐവിനുമായി കാര്‍ 800 മീറ്ററോളം മുന്നോട്ടുപോയി. തുടര്‍ന്ന് ബ്രേക്ക് ചെയ്ത് നിലത്ത് വീഴ്ത്തി. അതിനുശേഷം 37 മീറ്റര്‍ ഐവിനെ തറയിലൂടെ തള്ളിക്കൊണ്ടുപോയി. ഇത്തരത്തില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി എന്ന കേസിൽ പ്രതികളാക്കപ്പെട്ട സഹപ്രവർത്തകരെ ന്യായീകരിച്ച് സിഐഎസ്എഫുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്.
‘സത്യത്തില്‍ എന്തായിരുന്നു അവിടെ സംഭവിച്ചത് എന്നു പറഞ്ഞാല്‍ അദ്ഭുതപ്പെട്ടുപോകും. വലിയ ഗുണ്ടകളായിരുന്നു അവന്‍മാര്‍ . ഇവരുടെ ചെറിയ ചില തര്‍ക്കങ്ങള്‍ പേരുപറയാത്ത സ്ഥാപനത്തില്‍വച്ച് നടന്നു, പിന്നാലെ തര്‍ക്കം തുടര്‍ന്നു, പിന്നെവന്ന് വണ്ടിക്കു കുറുകെവച്ചു, നാലഞ്ചുപേര്‍ ഇറങ്ങിവന്ന് വണ്ടിയുടെ ചില്ലിന് അടിച്ചു, ആശുപത്രിയില്‍ കിടക്കുന്ന സാറിനെ അടിച്ചു, അഞ്ചുപേര്‍ ബോണറ്റില്‍ കയറിനിന്നു, മാറാന്‍ പറഞ്ഞിട്ടും മാറിയില്ല, വണ്ടിയെടുത്തപ്പോള്‍ നാലുപേര്‍ സൈഡിലേക്ക് വീണു, ഒരുത്തന്‍ താഴെ വീണു, ഇവനാണേല്‍ 5 കേസുകളില്‍ പ്രതിയാണ്, വലിയ ഗുണ്ടയാണ്, ആരും ജോലി കൊടുക്കാഞ്ഞിട്ട് രാഷ്ട്രീയക്കാരാരോ പറഞ്ഞിട്ടാണ് ഷെഫിന്റെ ജോലി കിട്ടിയത്,ഷെഫാണോന്നറിയില്ല, അറിയപ്പെടുന്ന ഗുണ്ടയാണ്, ശല്യം സഹീക്കാന്‍ പറ്റാതോണ്ട് സാറ് അറ്റകൈയ്ക്ക് ചെയ്തുപോയതാണ്, പിന്നെ അവനെ കൊല്ലാതെ പറ്റില്ലായിരുന്നു’ ഇങ്ങനെയാണ് ഈ ഓഡിയോ സന്ദേശം.
ശബ്ദ സന്ദേശം ഗ്രൂപ്പിൽ ചർച്ചയായതോടെ ഡിലീറ്റ് ചെയ്തു. അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോയെ കൊലപ്പെടുത്തിയ കേസിൽ സിഐഎസ്എഫ് എസ്.ഐ വിനയ്കുമാർ ദാസും കോൺസ്റ്റബിൾ മോഹൻകുമാറുമാണ് പ്രതികൾ. കാർ ഉരസിയതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. പ്രതികൾ റിമാൻഡിലാണ്.