aluva-missing-child-mother-statement-moozhikkulam-river-cctv-update

ആലുവയിൽ മൂന്നു വയസ്സുള്ള പെൺകുട്ടി കല്യാണിയെ കാണാതായ കേസിൽ ദുരൂഹത വർധിക്കുന്നു. അമ്മയുടെ മൊഴികളിലെ വൈരുദ്ധ്യവും ബന്ധുക്കളുടെ വെളിപ്പെടുത്തലും കേസിന് പുതിയ വഴിത്തിരിവായിരിക്കുകയാണ്. കാണാതാകുമ്പോള്‍ കുട്ടി പിങ്ക് ഉടുപ്പും നീല ജീൻസുമാണ് ധരിച്ചിരുന്നത്.

മാള-ആലുവ റൂട്ടിൽ മൂഴിക്കുളത്ത് ബസിറങ്ങിയ ശേഷം പുഴയുടെ ഭാഗത്തേക്ക് താൻ തനിച്ചു നടന്നുവെന്നാണ് അമ്മ പൊലീസിന് നൽകിയിട്ടുള്ള പുതിയ മൊഴി. കുട്ടിയെ ഉപേക്ഷിച്ച ശേഷം കുറുമശ്ശേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോയെന്നും അവർ പറഞ്ഞു. എന്നാൽ, തന്റെ വാഹനത്തിൽ കയറുമ്പോൾ കുട്ടി കൂടെ ഉണ്ടായിരുന്നില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവർ മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു.

അമ്മ വൈകുന്നേരം ഏഴുമണിയോടെ വീട്ടിലെത്തിയെന്നും എന്നാൽ കുട്ടി കൂടെ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ഇതിനിടെ, കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായും ബന്ധുക്കൾ സൂചന നൽകി.

അമ്മയുടെ ആദ്യ മൊഴിയിൽ, ആലുവ ഭാഗത്ത് വെച്ച് കുട്ടിയെ കാണാതായെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇത് തിരുത്തി കുറുമശ്ശേരി മൂഴിക്കുളത്ത് പുഴയുടെ ഭാഗത്ത് ഉപേക്ഷിച്ചെന്ന് മൊഴി നൽകുകയായിരുന്നു. ഇതിനെത്തുടർന്ന് ആലുവ മൂഴിക്കുളം ഭാഗത്ത് പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. അമ്മ പറയുന്ന സ്ഥലങ്ങളെല്ലാം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

അമ്മ നൽകിയ മൊഴി അനുസരിച്ച്, ഉച്ചയ്ക്ക് 3.30ന് മറ്റക്കുഴിയിലെ അങ്കണവാടിയിൽ നിന്ന് കല്യാണിയെ വിളിച്ചതിന് ശേഷം തിരുവാങ്കുളത്തുകൂടി ആലുവയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തിരുവാങ്കുളത്തുകൂടി കുട്ടിയുമായി അമ്മ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, കുഞ്ഞുമായി അമ്മ മൂഴിക്കുളത്ത് ഏഞ്ചൽ എന്ന ബസിൽ നിന്ന് ഇറങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചു. ബസിൽ നിന്ന് ഇരുവരും ഇറങ്ങി നടന്നുപോകുന്ന ദൃശ്യങ്ങളും മനോരമ ന്യൂസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അമ്മയുടെ മൊഴിയെ സാധൂകരിക്കുന്നതാണ്.

കുട്ടിയെ കണ്ടെത്താനായി പൊലീസ് മാള-ആലുവ റൂട്ടിലും പുഴയുടെ പരിസരത്തും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുന്നവർ 9744342106 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.  

ENGLISH SUMMARY:

In the Aluva missing child case, the mother of three-year-old Kalyani has changed her statement again, claiming she got off the bus at Moozhikkulam and walked towards the river before abandoning the child. CCTV footage confirms she was with the child at that point. An auto driver has stated the mother was alone when she took the ride home. Family disputes and contradictions in statements are now key leads, and police have intensified search operations around the river and nearby areas.