വയനാട്ടിലെ വിനോദ സഞ്ചാര മേഖലയിൽ ദുരന്തങ്ങൾ ആവർത്തിക്കുമ്പോളും റിസോർട്ടുകളുടെയും ഹോംസ്റ്റേകളുടെയും നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയ പഠന റിപ്പോർട്ട് നടപ്പായില്ല. ജില്ലയിലെ 1043 ടൂറിസ്റ്റ് നിർമിതികൾ ചട്ടം ലംഘിച്ചുള്ളവ ആണെന്നായിരുന്നു കണ്ടെത്തൽ. ഒരു വർഷം മുൻപ് തദ്ദേശ വകുപ്പിന്റെ ആസൂത്രണ വിഭാഗം കണ്ടെത്തിയ ഈ ക്രമക്കേടുകളിൽ പഞ്ചായത്തുകൾ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
മഹാ ദുരന്തത്തെ അതിജീവിക്കുകയാണ് വയനാട്. കരകയറി വരുന്ന വിനോദ സഞ്ചാര മേഖലയെ വീണ്ടും കുരുക്കിൽ പെടുത്തുന്നത് ആരാണ്? ടെന്റ്ഗ്രാം അപകടത്തിൽ 25കാരിക്ക് ജീവൻ നഷ്ടമായ പശ്ചാത്തലത്തിൽ നടത്തിയ മനോരമ ന്യൂസ് സംഘം എത്തിയത് ഒരുവർഷം മുൻപ് സമർപ്പിച്ച ഒരു പഠന റിപ്പോർട്ടിൽ. ജില്ലയിൽ 1043 ടൂറിസ്റ്റ് നിർമിതികൾ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടത്തിയാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു ആ കണ്ടെത്തൽ ജില്ലാ ആസൂത്രണ സമിതിയുടെ സഹായത്തോടെ തദ്ദേശ വകുപ്പിലെ ആസൂത്രണ വിഭാഗമാണ് ഈ വിശദ റിപ്പോർട്ട് അന്ന് നൽകിയത്.
തദ്ദേശ സ്ഥാപന ലൈസൻസോ ബിൽഡിങ് പെർമിറ്റോ ജിഎസ്ടി റജിസ്ട്രേഷനോ ഇല്ലാത്ത റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും സർവീസ് വില്ലകളുടെയും കണക്കാണിത്. പലതും ടൂറിസം വകുപ്പിൽ റജിസ്റ്റർ ചെയ്തിട്ടുപോലുമില്ല. പഞ്ചായത്തുകൾ ഒരുപക്ഷേ കുറച്ചെങ്കിലും ആത്മാർഥത ഈ റിപ്പോർട്ടിൽ കാണിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നായേനേ എന്ന് ജില്ലാ ആസൂത്രണ വിഭാഗം വിലയിരുത്തുന്നു.
ടൂറിസം, വനം, തദ്ദേശ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുക, പരിസ്ഥിതി ദുർബല മേഖലകളിലെ നിർമാണം നിയന്ത്രിക്കുക തുടങ്ങിയ നിർദേശങ്ങളും അട്ടിമറിക്കപ്പെട്ടു. അപകടമുണ്ടായ വനമേഖലയിലെ മേപ്പാടി ടെന്റ്ഗ്രാം റിസോർട്ട് പോലെ എത്രയെത്ര നിർമിതികളാണ് ഇപ്പോഴും ഒരു നിയമത്തിന്റെയും പരിധിയിൽ വരാതെ വിലസുന്നത്. ആനത്താരകളിൽ പോലും ടെന്റ് കെട്ടി ആഘോഷിക്കുന്നു. ഉത്തരവാദിത്ത ടൂറിസം എന്ന വാക്കുപോലും ഇവിടെ പരിഹാസ്യമാകുകയാണ്.