യുഎസ്എസ് പരീക്ഷയില്‍ മിന്നുംവിജയം നേടി സംസ്ഥാന തലത്തില്‍ ഒന്നാംസ്ഥാനം നേടിയിരിക്കുകയാണ് കോഴിക്കോടുകാരി അസ ഫാത്തിമ. 90 ല്‍ 90 മാര്‍ക്കാണ് അസ നേടിയത്. തലക്കുളത്തൂര്‍ വിജയലക്ഷ്മി എ.യു.പി. സ്കൂളിലെ വിദ്യാര്‍ഥിയായ അസ പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനത്തിലും മിടുക്കിയാണ്. ചിട്ടയോടെയുള്ള പഠനമാണ് അസയെ നേട്ടത്തിന് അര്‍ഹയാക്കിയത്. ക്ലാസില്‍ പഠിപ്പിക്കുന്നത് അന്നേദിവസം തന്നെ പഠിക്കും. ട്യൂഷനൊന്നും പോകാത്ത അസ സ്വന്തമായാണ് പഠിക്കുന്നത്. ക്ലാസില്‍ അധ്യാപകര്‍ പഠിപ്പിക്കുന്നത് നന്നായി ശ്രദ്ധിക്കും. സ്കൂളില്‍ വെച്ച് തന്നെ പഠിപ്പിച്ചത് മനപാഠമാക്കിയാണ് വീട്ടിലെത്തുക.
പാഠപുസ്തകം തന്നെയാണ് യുഎസ്എസിനായി കൂടുതല്‍ വായിച്ചത്. ഈ വര്‍ഷം പാഠപുസ്തകം മാറിയതിനാല്‍ യുഎസ്എസിന്‍റെ മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ പോലും റഫര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ പാഠപുസ്തകമാണ് മനപാഠമാക്കിയതും. നാല് ഗൈഡുകളും പഠനത്തിനായി തിരഞ്ഞെടുത്തു. യുഎസ്എസ് പരീക്ഷയുടെ രണ്ടാഴ്ച മുമ്പുള്ള പഠനമാണ് സംസ്ഥാനതലത്തില്‍ മികച്ച വിജയം നേടാന്‍ അസയെ സഹായിച്ചത്.
വായനയാണ് അസയുടെ പ്രധാന ഹോബി. പത്രം മുതല്‍ കൈയില്‍ കിട്ടുന്നതെല്ലാം വായിക്കും. ഇംഗ്ലീഷ് പുസ്തകളോടാണ് കൂടുതല്‍ താത്പര്യം. ജെ.കെ.റൗളിങിന്‍റെ പുസ്തകങ്ങളോടാണ് പ്രിയം. ജെ.കെ.റൗളിങിന്‍റെ ഹാരിപോട്ടര്‍ സീരിസ് മുഴുവന്‍ അസ വായിച്ചിട്ടുണ്ട്. യുട്യൂബില്‍ നോക്കി പേപ്പര്‍ ക്രാഫ്റ്റും ചെയ്യുന്നുണ്ട്. സയന്‍സ് വിഷയങ്ങളോടാണ് ഇഷ്ടം. യുപി, എല്‍പി വിഭാഗങ്ങള്‍ക്കുള്ള ശാസ്ത്രമേളയിലെ സ്ഥിരം വിജയിയാണ് അസ.
ഡോക്ടറാവുകയെന്നതാണ് അസയുടെ ആഗ്രഹം. ഐഎഎസ് നേടുകയെന്ന ലക്ഷ്യമുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള സിവില്‍ സര്‍വീസ് കോച്ചിങിനും പോവുന്നുണ്ട്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അസ എല്‍എസ്എസിന് ജില്ലയില്‍ ഒന്നാമത് എത്തിയിരുന്നു. തലക്കുളത്തൂര്‍ സ്വദേശി യുസഫ് കുളങ്ങരപൊയിലിന്‍റെയും അധ്യാപിക എം.സഫിയയുടെയും മകളാണ്.