നീതി ഇനിയും ഒരുപാട് അകലെയാണെന്നുള്ള വാക്കുകള്‍ നവീൻ ബാബുവിനെ നഷ്ടപ്പെട്ട ആ കുടുംബത്തിന്റെ നെടുവീർപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. ഒരുപാട് നന്മയുണ്ടായിരുന്ന ആ മനുഷ്യന്റെ കൊലപാതകം നടന്നിട്ട് ഒരുവർഷം കഴിഞ്ഞിട്ടും ആ കുടുംബം കണ്ണീരോടെ കാത്തിരിക്കുന്നതും നീതി പുലരുന്ന ഒരു വിധി വാചകത്തിനായായാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കണ്ണൂരിലെ യാത്രയയപ്പ് സമ്മേളനത്തിന് ശേഷം വന്നെത്തുന്ന നവീൻ ബാബുവിനെ കാത്തിരുന്ന മഞ്ജുഷയ്ക്കും മക്കൾക്കും കിട്ടിയത് ജീവനറ്റ ഒരു മനുഷ്യ ശരീരം മാത്രമായിരുന്നു. അതിന് ഉത്തരവാദി ആരെന്നു ചോദിച്ചാൽ മാർക്സിസ്റ്റ് പിണറായിസ്റ്റ് പാർട്ടി എന്ന ഒറ്റ ഉത്തരം മാത്രമേയുള്ളൂ. മഞ്ജുഷയേയും മക്കളേയും കുടുംബാംഗങ്ങളേയും നേരിൽ കണ്ട് ആശ്വസിപ്പിക്കാൻ നാളിതുവരെ സമയം കിട്ടാത്ത മുഖ്യമന്ത്രിയിൽ തുടങ്ങി പിണറായിസ്റ്റുകളായ സകല സിപിഎം നേതാക്കന്മാരും ഒരുപോലെ പിന്തുണയ്ക്കുന്നത് പി പി ദിവ്യയെ ആണ്. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം നിന്നുവെന്ന് നമ്മൾ കരുതിയ ഏതാനും ചില സിപിഎം നേതാക്കളുടെ വാക്കുകളൊക്കെ ഇന്ന് വിസ്മൃതിയിലാണ്.
നവീൻ ബാബുവിന്റെ ബന്ധുമിത്രാദികളുടെ സങ്കടക്കണ്ണീർ മാർക്സിസ്റ്റുകാർ മറക്കുമ്പോഴും വാർത്തകളിൽ നിന്ന് തമസ്കരിക്കപ്പെടുമ്പോഴും കൊല്ലപ്പെട്ട ആ മനുഷ്യനെയോർത്ത് കണ്ണീരോടെ നീതിയുടെ വിധി വാചകം കാത്തിരിക്കുന്ന ആ കുടുംബത്തോട് നീതിബോധം അവശേഷിക്കുന്നവർ എന്ന നിലയിൽ നമുക്കെന്താണ് പറയാനുള്ളത്? നീതി ഉറപ്പാക്കപ്പെടുന്നത് വരെ നിരന്തരം സംസാരിക്കുക എന്നത് തന്നെയാണ് ഇവിടെ സമരമാർഗ്ഗം.
ഇവിടെ രണ്ടുതരം കുറ്റക്കാരുണ്ട്. കളക്ടറുടെ ഒത്താശയോടെ വന്ന് മരണദൂത് വായിച്ച ക്ഷണിക്കപ്പെടാത്ത പി പി ദിവ്യ മുതലുള്ള സിപിഎമ്മിന്റെ വരേണ്യവർഗ്ഗമാണ് ഒന്നാമത്തേത്. അടിമ സമാന ഭാവത്തിൽ സഹപ്രവർത്തകന്റെ മരണത്തെ മറക്കുന്ന സർക്കാർ അനുകൂല സർവീസ് സംഘടന നേതാക്കളാണ് രണ്ടാമത്തേത്. പി പി ദിവയോടൊപ്പം പ്രതിയാക്കപ്പെടേണ്ടിയിരുന്ന, രണ്ട് ഒപ്പും രണ്ട് പേരും ഉണ്ടെന്ന് സ്വയം പറഞ്ഞ, മറ്റു പലതും അതിലധികമുണ്ടെന്ന് സാമാന്യജനം സംശയിക്കുന്ന പ്രശാന്തൻ അടക്കമുള്ളവർ വരേണ്യവർഗ്ഗമാണ് അവർ. നേരാംവണ്ണം ശമ്പളം പോലും കിട്ടിയിട്ടില്ലാത്ത പ്രശാന്തന് എങ്ങനെയാണ് കോടിക്കണക്കിന് രൂപ മുതൽമുടക്കിൽ പെട്രോൾ പമ്പ് തുടങ്ങാൻ പറ്റുന്നത് എന്നുള്ള സംശയത്തിന് ഉത്തരം ഇതുവരെയും ആയിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. കാരണം എല്ലാത്തിനുമുള്ള ഉത്തരങ്ങൾ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പി പി ദിവ്യയെ അനുകൂലിച്ചുള്ള പ്രസംഗ വാചകങ്ങളിൽ ഒളിഞ്ഞു കിടപ്പുണ്ട്.
സർവീസിൽ ഉണ്ടായിരുന്ന കാലത്തോളം പാർട്ടിക്ക് ലെവികൊടുത്ത് ശീലിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൊന്നിട്ട്, സർക്കാർ സംരക്ഷണയിൽ മാത്രം ഒളിച്ചു നിൽക്കാൻ പറ്റാത്തത്ര ജനകീയ വികാരം രൂപപ്പെട്ടപ്പോൾ മാത്രം കീഴടങ്ങി ജയിലിൽ പോയ പി പി ദിവ്യയെ സ്വീകരിക്കാൻ പാർട്ടി സെക്രട്ടറിയുടെ ഭാര്യയടക്കമുള്ള ഉന്നത നേതാക്കൾ ജയിലിൽ പോയിട്ട് മിണ്ടാതിരുന്ന സിപിഎം നേതൃത്വം ഈ വരേണ്യവർഗ്ഗ മാർക്സിസ്റ്റുകളാണ്. കാപ്പ കേസ് പ്രതികളെ മാലയിട്ട് മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച വനിതാ ശിശുക്ഷേമ വകുപ്പ്മന്ത്രി വീണ ജോർജ്ജിന്റെ സ്വന്തം ജില്ലയിൽപ്പെട്ട മഞ്ജുഷയുടെയും മക്കളുടെയും കണ്ണീരിനോടൊപ്പം നിൽക്കാൻ അവർക്ക് ആകാത്തതും ഈ വർഗ്ഗ വ്യത്യാസം കൊണ്ടുതന്നെയാണ്. രണ്ടുതരം ആളുകൾ സിപിഎമ്മിലുണ്ട് എന്നതിന് ഇതിൽപ്പരം എന്ത് ഉദാഹരണമാണ് വേണ്ടത്?
പി പി ദിവ്യയെ പിന്തുണയ്ക്കുന്ന പൗരപ്രമുഖരുടെ ക്ലാസ്സും എഡിഎമ്മിന്റെ തസ്തികയിൽ ഇരുന്നിട്ടും പാർട്ടിയോടൊപ്പം നിരന്തരം സഞ്ചരിച്ച കുടുംബത്തിലെ അംഗമായിരുന്നിട്ടും കൂടി സഖാക്കന്മാരുടെ നരവേട്ടയ്ക്ക് വിധേയമാക്കപ്പെട്ട നവീൻ ബാബുവിന്റെയും കുടുംബത്തെ പോലുള്ള സാധാരണക്കാരായ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരുടെ രണ്ടാമത്തെ ക്ലാസ്സും തമ്മിലുള്ള വർഗ്ഗസമരമാണിത്! ഇതാണോ മാർക്സ് വിഭാവനം ചെയ്ത ക്ലാസ്സ് വാർ എന്ന് ഉത്തരം പറയേണ്ടത് ആ പാർട്ടി തന്നെയാണ്, നിലപാടുകളിലൂടെ.
നവീൻ ബാബുവിന്റെ അവസാന മണിക്കൂറുകളിലെ സിസിടിവി ദൃശ്യങ്ങളോ ഫോൺ രേഖകളോ പി പി ദിവ്യയും പ്രശാന്തനും മറ്റുള്ളവരും തമ്മിൽ നടന്ന ഫോൺ രേഖകളോ പരിശോധിക്കാതെ, കള്ളം പറയുന്ന കളക്ടറുടെ മൊഴി മാത്രം വിശ്വസിച്ചുകൊണ്ട് ഒരു നല്ല ഉദ്യോഗസ്ഥനെ മരണത്തിനു ശേഷവും ആക്ഷേപത്തിന് വിധേയമാക്കപ്പെടാൻ വിട്ടുകൊടുത്ത ഒരു സർക്കാരിന്റെ അന്വേഷണ ഏജൻസികളിൽ ഇനിയും വിശ്വസിക്കണമെന്ന് ഏത് നീതിപീഠം പറഞ്ഞാലും സാധാരണക്കാരന്റെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്നതാണ് അതെന്നുള്ള കാര്യത്തിൽ സംശയമില്ല. പാർട്ടിയോടൊപ്പം സഞ്ചരിച്ച നവീൻ ബാബുവിന്റെ മരണത്തിൽ പരാതിയും സമരങ്ങളും മുദ്രാവാക്യങ്ങളും ഇല്ലാത്ത ഒഒരേയൊരു വിഭാഗം മാത്രമേയുള്ളൂ. അത് സിപിഎമ്മിലെ വരേണ്യ വർഗ്ഗമായ പിണറായിസ്റ്റുകൾ ആണ്.
സഹപ്രവർത്തകനെ കൊന്നിട്ടും ഒരക്ഷരം പോലുമുരിയാടാൻ കഴിയാത്ത അടിമ സമാന മൗനം കൊണ്ട് സർക്കാർപക്ഷം പിടിക്കുന്ന സർവീസ് സംഘടന നേതാക്കന്മാരും ഇവിടെ പ്രതിസഥാനത്ത് നിൽക്കുന്ന വിഭാഗമാണ്. കൊലപാതകത്തിന് ശേഷവും ആ മനുഷ്യന്റെ ജീവിതത്തെ കളങ്കപ്പെടുത്തുന്ന വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ ശബ്ദമുയർത്താൻ ശേഷിയില്ലാത്ത സർക്കാർ അനുകൂല സംഘടനയും ഉളുപ്പില്ലാത്ത മനോഭാവത്തിന്റെ പേര് ഫാസിസ്റ്റ് വിധേയത്വമെന്നാണ്.
ഇത്രയൊക്കെ ജനദ്രോഹവും കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് ദ്രോഹവും ചെയ്തിട്ടും പിണറായി 3.0 വരുമെന്ന് പറഞ്ഞ് മൂന്നാം പിണറായി സർക്കാരിന് കാതോർത്തിരിക്കുന്ന സകല വ്യാജ സഖാക്കൾക്കുമുള്ള ഒരു ഓർമ്മപ്പെടുത്തലാണ് നവീൻ ബാബുവിന്റെ കൊലപാതകത്തിന്റെ ഒന്നാം വാർഷികം. സംഘടന ബലത്തിന്റെ ധാർഷ്ട്യത്തിൽ വെല്ലുവിളിക്കുന്ന പി പി ദിവ്യയുടെ ചിരിയും ഇന്നും കണ്ണീരുണങ്ങാത്ത മഞ്ജുഷയുടെയും മക്കളുടെയും കുടുംബാംഗങ്ങളുടെയും കണ്ണുകളും ഈ സർക്കാരിന്റെ കാലത്തെ വർഗ്ഗ വ്യത്യാസങ്ങളുടെ ദൃഷ്ടാന്തങ്ങളാണ്. ഒന്ന്, സങ്കടം കാണാത്ത സർക്കാരിന്റെ മുൻഗണന ക്രമത്തിൽ പരിഗണിക്കപ്പെടാതെ പോകുന്ന സാധാരണക്കാരുടെ കരഞ്ഞു കലങ്ങുന്ന കണ്ണുകൾ. രണ്ട്, ഈ സാധാരണക്കാരെ കൊന്നിട്ടും കൊതിതീരാത്ത സിപിഎമ്മിലെ വരേണ്യ വർഗ്ഗ സഖാക്കളുടെ ധാർഷ്ട്യത്തിൽ അഭിരമിക്കുന്ന പി പി ദിവ്യയെ പോലുള്ളവരുടെ പുഞ്ചിരിക്ക് കാരണഭൂതനായ പിണറായി വിജയന്റെ
സെലക്റ്റീവ് കാഴ്ചയുള്ള ഫാസിസ്റ്റ് കണ്ണുകൾ... മനസ്സാക്ഷി മരിച്ചവർക്കേ ഇനിയൊരു തുടർഭരണം അവകാശപ്പെടാനാകൂ എന്ന പരാമര്‍ശത്തോടെയാണ് ജിന്‍റോ പോസ്റ്റ് അവസാനിപ്പിക്കുന്നത്.